Advertisement

കൂടത്തായി കൂട്ടമരണം; സയനൈഡ് എത്തിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ

October 5, 2019
Google News 1 minute Read

കോഴിക്കോട് കൂടത്തായിയിൽ ആറ് പേരുടെ ദുരൂഹ മരണത്തിൽ നിർണായക വഴി തിരിവ്. മരിച്ച ആറ് പേരിൽ റോയിയുടെ ആദ്യ ഭാര്യ ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിഷം എത്തിച്ചത് ജോളിയാണെന്ന നിഗമനത്തിലാണ് പൊലീസ്. പത്ത് തവണ ചോദ്യം ചെയ്ത ശേഷമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവർ കുറ്റസമ്മതം നടത്തിയതായാണ് സൂചന.

റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നൽകിയ ആളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.

കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന തെളിവുകൾ കേസിൽ നിർണായകമാകും. കേസിൽ സാഹചര്യതെളിവുകൾ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. നിലവിൽ അന്വേഷണം എത്തിനിൽക്കുന്നവരുടെ സാന്നിധ്യം മരണ സമയങ്ങളിൽ ഉണ്ടായിരുന്നുവെന്നും ഒസ്യത്ത് മാറ്റിയതും കേസന്വേഷണത്തിൽ നിർണായകമായതായും വടകര റൂറൽ എസ് പി പറഞ്ഞു.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൺസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here