കൂടത്തായി കൊലപാതകം; മൂന്ന് പ്രതികളും റിമാൻഡിൽ; പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ പിടിയിലായ മൂന്ന് പ്രതികളും റിമാൻഡിൽ. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതികളുടെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും.
ഇന്ന് രാവിലെയാണ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തള്ളി ഷാജു തന്നെ രംഗത്തെത്തിയിരുന്നു. ജോളിയെ ഷാജു തള്ളിപറയുകയും ചെയ്തു. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ ഷാജു, തെളിവ് ശക്തമെങ്കിൽ ജോളി തെറ്റുകാരിയാണെന്ന് വിശ്വസിക്കുമെന്നും പറഞ്ഞു.
Read Also : ഇതാണ് വടകര റൂറൽ എസ്പി കെജി സൈമൺ പറഞ്ഞ ‘ഹരോൾഡ്’ എന്ന കൊലപാതകിയുടെ കഥ
ജോളിയുടെ മുൻ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്.
Read Also : സയനൈഡ് നിശബ്ദ കൊലയാളിയല്ല; കഴിച്ചാൽ നെഞ്ച് പിളർക്കുന്ന വേദന
ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here