സയനൈഡ് മല്ലിക മുതൽ കൂടത്തായിയിലെ ജോളി വരെ…രാജ്യത്തെ നടുക്കിയ സ്ത്രീ കൊലയാളികൾ

കേരള ജനതെ ഞെട്ടിച്ചുകൊണ്ടാണ് കൂടത്തായി കാലപാതക പരമ്പരയുടെ ചുരുളുകൾ അഴിഞ്ഞത്. ജോളിയും കാമുകൻ മാത്യുവും ചേർന്ന് നിർദാക്ഷിണ്യം കൊന്നു തള്ളിയത് ആറ് പേരെയാണ്. എല്ലാം പണത്തിനും പ്രണയത്തിനും വേണ്ടി….ആദ്യ കാലത്ത് സ്ത്രീ കൊലപാതകികൾ എന്നാൽ കഥകളിലും നാടകങ്ങളിലും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് വിദേശ രാജ്യങ്ങളിൽ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങി. തൊണ്ണൂറുകളോടെ ഇന്ത്യയിലും സ്ത്രീ കൊലപാതകികളെ കുറിച്ച് കേട്ട് തുടങ്ങി. സയനൈഡ് മല്ലികയാണ് ‘സീരിയൽ കില്ലർ’ ലേബലോടെ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. അടുത്തിടിയാണ് സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം കൊലപ്പെടുത്തിയ സൗമ്യയുടെ കഥ നാം അറിയുന്നത്. സയനൈഡ് മല്ലിക മുതൽ സൗമ്യ വരെ…രാജ്യത്തെ നടുക്കിയ സ്ത്രീ
കൊലയാളികൾ.

കെഡി കെമ്പമ്മ അഥവാ ‘സയനൈഡ് മല്ലിക’

കെഡി കെമ്പമ്മ, ‘സീരിയൽ കില്ലർ’ ലേബലോടെ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. സയനൈഡ് മല്ലിക എന്ന കെമ്പമ്മ അറിയപ്പെട്ടിരുന്നത്. എട്ട് വർഷങ്ങളിലായി ആറ് പേരെയാണ് കെമ്പമ്മ കൊലപ്പെടുത്തിയത്.

ബംഗളുരുവിൽ അടിക്കടി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന ഇവർ, കടുത്ത ദു:ഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് ഉന്നംവച്ചിരുന്നത്. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് അതീവ ദു:ഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പുണ്യതീർത്ഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകിയാണ് കൊലപാതകം നടത്തിയിരുന്നത്.

മല്ലികയുടെ ആദ്യ കുറ്റകൃത്യം നടക്കുന്നത് 1999 ഒക്ടോബർ 19 ന് ഹൊസ്‌കോടെയിൽ വച്ചാണ്. മുപ്പതുകാരിയായ മമത രാജനെയാണ് മല്ലിക കൊലപ്പെടുത്തുന്നത്. മമതയുടെ കൊലപാതക കേസിൽ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് മല്ലികയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എങ്കിലും ഏഴ് വർഷത്തോളം അവർ കാത്തിരുന്നു. 2007 ലായിരുന്നു രണ്ടാം കൊലപാതകം.

2007ലാണ് കെമ്പമ്മ അഥവാ മല്ലികയുടെ രണ്ടാം കൊലപാതകം. തന്റെ കാണാതായ ചെറുമകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു എലിസബത്ത്. കബലമ്മ ക്ഷേത്രത്തിൽവച്ച് സയനൈഡ് കലക്കി നൽകി എലിസബത്തിനെയും കെമ്പമ്മ കൊലപ്പെടുത്തി.

Read Also : ആമയൂർ മുതൽ കൂടത്തായി വരെ; കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങൾ

പിന്നീട് കൊലപ്പെടുത്തുന്നത് അറുപതുകാരിയായ യശോദമ്മയെ ആണ്. സിദ്ദഗംഗ മഠത്തിൽവച്ചാണ് യശോദമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തുന്നത്. പിന്നീട് 60 കാരിയായ മുനിയമ്മ, പില്ലമ്മ, എന്നിവരും കൊലചെയ്യപ്പെട്ടു. മുപ്പതുകാരിയായ നാഗവേണിയായിരുന്നു കെമ്പമ്മയുടെ അവസാന ഇര.

‘കില്ലർ സിസ്റ്റേഴ്‌സ്’

സീമ ഗവിത്, രേണുക ഷിൻഡെ..രാജ്യത്ത് ഒരു കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സഹോദരിമാരായിരുന്നു ഇവർ. അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഇവർക്ക് മേലുള്ള കുറ്റം. 13 തട്ടിക്കൊണ്ടുപോകലും 9 കൊലപാതകവുമാണ് ഇവർക്ക് മേൽ ചുമത്തപ്പെട്ടതെങ്കിലും ഒടുവിൽ ആറ് കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

1990 ൽ പോക്കറ്റടിക്കിടെയാണ് രേണുക പിടിക്കപ്പെടുന്നത്. എന്നാൽ ആ സമയത്ത് രേണുകയ്‌ക്കൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. ഒരു കുട്ടിയുള്ള മാതാവ് ഒരിക്കലും മോഷ്ടിക്കില്ലെന്ന് പറഞ്ഞ് രേണുക കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രേണുക, സഹോദരി സീമ, അമ്മ അഞ്ജന എന്നിവരെല്ലാം കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇവരുടെ മറപറ്റിയാണ് മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. ഈ കാലയളവിൽ ഈ കുട്ടികളെ മുറിവേൽപ്പിക്കുകയും പിന്നീട് ഭിക്ഷാടനത്തിനായി ഉപയോഗിച്ചും പിന്നീട് ഉപേക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

പിണറായി കൂട്ടക്കൊല

സമീപകാലത്ത് കേരളത്തെ ഏറെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കണ്ണൂർ ജില്ലയിലെ പിണറായിയിൽ നടന്നത്. ഇവിടെയും വില്ലനായത് വിവാഹേതര ബന്ധം. ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾ നടത്തിയത് ഒരു യുവതി ആയിരുന്നു. സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം പല കാലങ്ങളിലായി വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇത്. 2012 സെപ്തംബർ മുതൽ നടന്ന നടന്ന കൊലപാതകങ്ങൾക്കൊടുവിൽ 2018ൽ കേസിലെ പ്രതിയായ സൗമ്യ പിന്നീട് ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകം

വീണ്ടും വിവാഹേതര ബന്ധത്തിന്റെ സ്വാധീനം. 2014 ഏപ്രിൽ 14ന് ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തിയും കാമുകൻ ലിനോ മാത്യുവും ചേർന്ന് നടപ്പിലാക്കിയ ഇരട്ടക്കൊല. അവർ കൊന്നുകളയാൻ തീരുമാനിച്ചത് അനുശാന്തിയുടെ ഭർത്താവ് ലിജേഷിനെയും കുഞ്ഞ് സ്വസ്തികയെയും ഭർതൃമാതാവ് ഓമനയെയുമായിരുന്നു. എന്നാൽ ലിജീഷ് ലിനോ മാത്യുവിന്റെ കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ഓമനയും സ്വസ്തികയും കൊല്ലപ്പെട്ടു. കേസിൽ ലിനോ മാത്യുവിന് വിചാരണ കോടതി വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചു.

കാരണവർ കൊലപാതകം

2009ൽ ചെങ്ങന്നൂരിൽ പ്രവാസി മലയാളിയായ ഭാസ്‌കര കാരണവരെ മരുമകൾ ഷെറിൻ കാമുകനുമൊത്ത് കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്‌കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്ന് വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

Read Also : ലോക മനസ്സാക്ഷിയെ മരവിപ്പിച്ച ആറ് കൊലപാതകങ്ങൾ

ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു.

ഇതോടെ സൈ്വര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് ഷെറിൻ കാരണവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. സുഹൃത്തും കാമുകനുമായ ബാസിത് അലിയും ചേർന്നാണ് കൊലപാതകം ആസുത്രണം ചെയ്തത്.

ബാസിത് അലിയും മറ്റ് 2 പേരും ചേർന്നാണ് കാരണവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് ഷെറിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി.

വിവിധ കുറ്റങ്ങൾക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്. മാവേലിക്കര അതിവേഗകോടതിയുടെ വിധിക്കെതിരെ ഷെറിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ഹൈക്കോടതി ശരിവെച്ചു. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ ഷെറിൻ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയും ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശരിവെക്കുകയും ചെയ്തു.

തോലന്നൂർ കൊലപാതകം

പാലക്കാട് തോലന്നൂർ പൂളക്കൽപറമ്പിൽ സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടെയും ജീവൻ കവർന്നതും മരുമകൾ ഷീജയുടെ വഴിവിട്ട ബന്ധമായിരുന്നു. സദാനന്ദൻ എന്നയാളുമായുള്ള അവിഹിത ബന്ധം ഭർതൃപിതാവ് സ്വാമിനാഥൻ ഭർത്താവ് പ്രദീപിനെ അറിയിക്കുമെന്ന് ഭയന്നാണ് ഷീജ വൃദ്ധ ദമ്പതിമാരെ കൊലപ്പെടുത്തിയത്.

സൈനിക ഉദ്യോഗസ്ഥനായ ഭർത്താവ് പ്രദീപ്കുമാർ നാട്ടിലില്ലാത്ത സമയത്താണ് അയൽവാസിയായ സദാനന്ദനുമായി ഷീജ അടുപ്പത്തിലായത്. പ്രദീപ്ഷീജ ദമ്പതിമാർക്ക് 17 വയസുളള ഒരു മകനുണ്ടായിരിക്കെയായിരുന്നു ഇത്. സദാനന്ദനും ഷീജയും തമ്മിലുളള അവിഹിത ബന്ധം ഭർതൃപിതാവ് സ്വാമിനാഥൻ ഭർത്താവ് പ്രദീപിനെ അറിയിക്കുമെന്ന് ഭയന്നാണ് ഷീജ വൃദ്ധ ദമ്പതിമാരെ കൊല്ലാൻ നിർദേശിച്ചതെന്ന് സദാനന്ദൻ പിന്നീട് പൊലീസിന് മൊഴി നൽകി.

ഷീജയുടെ നിരവധി ചിത്രങ്ങൾ സദാനന്ദന്റെ മൊബൈലിലുണ്ട്. ഇത് മകന്റെ സുഹൃത്ത് കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യത്തിൽ ഏറ്റവുമധികം പ്രതിഷേധം പ്രകടിപ്പിച്ചത് ഭർതൃപിതാവ് സ്വാമിനാഥനായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളെ കൊല്ലാൻ ഷീജ തീരുമാനിക്കുകയും സദാനന്ദൻ നടപ്പിലാക്കുകയും ചെയ്തത്.

ഷീജയെ ബലാത്സംഗം ചെയ്യാനുളള ശ്രമത്തിനിടെയാണ് കൊലപാതകം എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഷീജയെ അടുക്കളയിൽ കെട്ടിയിട്ടു. എന്നാൽ കൊലയാളി എങ്ങനെ വീട്ടിനകത്തു കടന്നുവെന്ന അന്വേഷണമാണ് വീട്ടിനുളളിലെ ആരോ കൊലയാളിയെ സഹായിച്ചിട്ടുണ്ടെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. തേനൂരിൽ നിന്ന് തോലന്നൂരിലേക്ക് സദാനന്ദൻ പുറപ്പെട്ടപ്പോൾ ഷീജയെ വിളിച്ചിരുന്നതായി കണ്ടെത്തിയതും നിർണായകമായി.

ഭർത്താവിന് സൈനേഡ് നൽകി കൊന്ന സോഫിയ

കാമുകന് വേണ്ടി ഭർത്താവിനെ ഉറക്കത്തിൽ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സോഫിയയാണ് മറ്റൊരു വില്ലത്തി. കോളജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി. രണ്ടു കാമുകന്മാരാണ് സോഫിയക്ക് ഉണ്ടായിരുന്നത്. ഇതിൽ ഒരു കാമുകനെ വിവാഹം കഴിച്ചു. മറ്റേ കാമുകനേ വിവാഹം കഴിക്കാതെ രഹസ്യ ബന്ധം നിലനിർത്തി. എന്നിട്ട് ഒടുവിൽ ഭർത്താവായ സാമിനെ കൊല ചെയ്തു.

2015 ഒക്ടോബർ 13നാണ് പുനലൂരുകാരൻ സാം എബ്രഹാം മെൽബണിൽ കൊല്ലപ്പെട്ടത്. ഒരു കൊലകേസിൽ ലഭിക്കാവുന്ന പരവാവധി ശിക്ഷയാണ് ഓസ്‌ട്രേലിയൻ കോടതി ഇവരിൽ ചാർത്തിയത്. സോഫിയയ്ക്ക് 22 വർഷവും കാമുകൻ അരുൺ കമലാസനന് 27 വർഷവുമാണ് തടവുശിക്ഷ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More