കൂടത്തായി കൊലപാതകം; കേരളാ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹമരണങ്ങൾ തെളിയിച്ച കേരളാ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പൊലീസ് നടത്തിയ പ്രയത്‌നം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽതന്നെ ഈ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാൻ പൊലീസിനായെന്നും അന്വേഷണത്തിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
പതിനാറ് വർഷത്തിനുളളിൽ ആറ് പേരെ കൊലപ്പെടുത്തിയ സംഭവങ്ങൾ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിൻബലത്തിൽ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തിൽ അസാധാരണ സംഭവമാണ്. ആറ് മരണങ്ങളുടെയും രീതി, അവ നടക്കുമ്പോൾ ഇപ്പോൾ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികൾ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ കേസ്സ് തെളിയിച്ചത്. കേസന്വേഷണത്തിൽ മുൻപന്തിയിൽ തന്നെയാണ് എന്ന് കേരള പൊലീസ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.
Read Also : കൂടത്തായി: കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം മാത്രമല്ല
സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കാനും വക നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here