കൂടത്തായി: കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം മാത്രമല്ല

കൂടത്തായിയിൽ ആറ് പേരുടെ കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം മാത്രമല്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ വടകര റൂറൽ എസ്പി കെ ജി സൈമൺ. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ വിവരം നൽകാൻ അദ്ദേഹം തയ്യാറായില്ല. തെളിവുകൾ ലഭിച്ച ശേഷം മാത്രം ഇക്കാര്യങ്ങൾ വ്യക്തമാക്കാമെന്നും എസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി.
റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയുടേയും സുഹൃത്ത് മാത്യുവിന്റേയും സഹായി പ്രജുകുമാറിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എസ്പി പറഞ്ഞു. റോയിയുടെ അമ്മ അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് അധികാരം കൈവശപ്പെടുത്താനാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ വിവരം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അന്നമ്മയെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം എന്താണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്നമ്മയുടെ മരണത്തിന് ശേഷം ഭർത്താവ് ടോം തോമസ് മിംസ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും എസ്പി പറയുന്നു. റോയിയുടെ മരണത്തിൽ ആദ്യം സംശയം പ്രകടിപ്പിച്ചത് മാത്യുവായിരുന്നു. ഇത് മനസിലാക്കിയ ജോളി അദ്ദേഹത്തെ വകവരുത്തി. ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെ ഭാര്യ സിലി മരിച്ചത് സയനൈഡ് കലർന്ന വെള്ളം കുടിച്ചാണ്. എല്ലാ കൊലപാതകങ്ങളും നടത്തിയത് സയനൈഡ് നൽകിയാണെന്നും എസ് പി പറഞ്ഞു. കൊലപാതകത്തിന് ശേഷം സ്വത്തുക്കൾ ജോളി തന്റെ പേരിലേക്ക് മാറ്റിയിരുന്നു. എന്നാൽ വില്ലേജ് ഓഫീസർ ഇടപെട്ട് ഇത് പഴയ രീതിയിലേക്ക് മാറ്റിയെന്നും എസ് പി കൂട്ടിച്ചേർത്തു.
കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ പരിമിതികളുണ്ട്. കേസുമായി ജോളിയുടെ കുടുംബം പൂർണമായി സഹകരിക്കുന്നുണ്ടെന്നും എസ് പി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here