അശ്വിന് 350 വിക്കറ്റ്; നേട്ടം മുത്തയ്യ മുരളീധരനൊപ്പം

അപൂർവ റെക്കോർഡുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് അശ്വിൻ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം അശ്വിൻ റെക്കോർഡ് പങ്കിടുകയാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിലാണ് അശ്വിൻ റെക്കോർഡ് നേട്ടത്തിലെത്തിയത്. 350ആം വിക്കറ്റ് നേടിയ അശ്വിൻ ഇത്ര വിക്കറ്റുകൾ തികയ്ക്കാനെടുത്തത് 66 മത്സരങ്ങളാണ്. സ്പിൻ ലെജൻഡ് മുത്തയ്യ മുരളീധരനും 66 മത്സരങ്ങളിൽ നിന്നാണ് 350 വിക്കറ്റുകളെടുത്തത്. തിയൂനിസ് ഡി ബ്രുയിനെ ക്ലീൻ ബൗൾഡാക്കിയാണ് അശ്വിൻ റെക്കോർഡ് കുറിച്ചത്.
മത്സരത്തിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. 395 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡീൻ എൽഗറിനെ (2) ഇന്നലെ അവസാന സെഷനിൽ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കിയിരുന്നു. ഡി ബ്രുയിനെ (10) അശ്വിൻ വീഴ്ത്തിയപ്പോൾ തെംബ ബാവുമ (0)യെയും ഫാഫ് ഡുപ്ലെസിസിനെയും (13) ഷമി മടക്കി അയച്ചു. ഇന്ന് വീണ മൂന്ന് വിക്കറ്റുകളും ബൗൾഡായിരുന്നു എന്നതാണ് പ്രത്യേകത.
ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തിട്ടുണ്ട്. 26 റൺസെടുത്ത ഐഡൻ മാർക്രവും റണ്ണൊന്നുമെടുക്കാതെ ക്വിൻ്റൺ ഡികോക്കുമാണ് ക്രീസിൽ. പ്രോട്ടീസ് ഇപ്പോഴും 343 റൺസ് പുറകിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here