ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; എട്ടു വിക്കറ്റുകൾ നഷ്ടം: ഇന്ത്യ കൂറ്റൻ ജയത്തിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ കൂറ്റൻ ജയത്തിലേക്ക്. രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് ഷമിയുടെയും ഉജ്ജ്വല ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ജഡേജ നാലു വിക്കറ്റുകളും ഷമി മൂന്നു വിക്കറ്റുകളും വീഴ്ത്തി. ജഡേജ വീഴ്ത്തിയ നാലു വിക്കറ്റുകളിൽ മൂന്നും ഒരു ഓവറിലായിരുന്നു.
395 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഇന്നലെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡീൻ എൽഗറിനെ (2) അവസാന സെഷനിൽ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇന്ന് രാവിലത്തെ സെഷനിൽ ഡി ബ്രുയിനെ (10) അശ്വിൻ വീഴ്ത്തിയപ്പോൾ തെംബ ബാവുമ (0)യെയും ഫാഫ് ഡുപ്ലെസിസിനെയും (13) ക്വിൻ്റൺ ഡികോക്കിനെയും (0) ഷമി മടക്കി അയച്ചു. അഞ്ച് വിക്കറ്റിന് 60 റൺസ് എന്ന നിലയിലാണ് ചായക്ക് പിരിഞ്ഞത്.
തുടർന്നായിരുന്നു ജഡേജയുടെ മാജിക്ക് ഓവർ. 27ആമത്തെ ഓവറിലെ ആദ്യ പന്തിൽ ഒരു വശത്ത് പിടിച്ചു നിന്ന ഓപ്പണർ ഐഡൻ മാർക്രത്തെ (39) സ്വന്തം ബൗളിംഗിൽ ഉജ്ജ്വലമായി ജഡേജ പിടികൂടി. നാലാം പന്തിൽ വെർണോൺ ഫിലാണ്ടറെ (0)യും തൊട്ടടുത്ത പന്തിൽ കേശവ് മഹാരാജിനെ(0) യും വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ദക്ഷിണാഫ്രിക്കയെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. 11 റൺസെടുത്ത സേനുരൻ മുത്തുസാമിയും 6 റൺസെടുത്ത ഡെയിൻ പീട്ടുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here