ജി സുധാകരന്റെ വിവാദ പരാമർശം; യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

മന്ത്രി ജി സുധാകരനെതിരെ യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ ഭരണകൂടം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ അപകീർത്തിപ്പെടുത്തിയ പരാമർശം നടത്തിയെന്ന പരാതിയിലായിരുന്നു അന്വേഷണം.
അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് കുടുംബ യോഗത്തിൽ വെച്ച് മന്ത്രി ജി സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയെ പൂതനയെന്ന് വിളിച്ചതായാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ജി സുധാകരനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരം കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥർ വഴിയും, പൊലീസ് വഴിയും അന്വേഷണങ്ങൾ നടത്തിയിരുന്നു. ഇതിനു പുറമേ സുധാകരന്റെ പ്രസംഗത്തിന്റെ ഡിജിറ്റൽ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സുധാകരെനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായാണ് സൂചന.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പ്രഖ്യാപിക്കും.
അതേസമയം, കോൺഗ്രസ് നേതാക്കൾ അപകീർത്തികരമായ പരാമർശം നടത്തുന്നു എന്ന ജി സുധാകരന്റെ പരാതിയിലും അന്വേഷണം പാരോഗമിക്കുകയാണ്. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും യുഡിഎഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുന്നുവെന്നും, തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നുമാണ് ജി. സുധാകരന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here