‘ഭാര്യയെയും മകളെയും കൊല്ലാൻ കൂട്ടു നിന്നു’ : കുറ്റസമ്മതം നടത്തി ഷാജു

ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ കൂട്ടുനിന്നുവെന്ന് സമ്മതിച്ച് കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. ജോളിയെ വിവാഹം കഴിക്കാനാണ് ഭാര്യ സിലിയെയും മകൾ ആൽഫൈനെയും കൊലപ്പെടുത്തിയതെന്ന് ഷാജു സമ്മതിച്ചു. സിലിയെ കൊന്നത് ജോളിയോടൊപ്പം ജീവിക്കാനാണെന്നും ഷാജു വെളിപ്പെടുത്തി. അതേസമയം, ഷാജുവിന്റെ പിതാവ് സഖറിയയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ജോളി പൊലീസ് പിടിയിലായതോടെ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും തെളിവ് ശക്തമെങ്കിൽ ജോളി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാമെന്നും ഷാജു പറഞ്ഞിരുന്നു. എന്നാൽ സിലിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന ജോളിയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ ഷാജു നിലപാട് മയപ്പെടുത്തി രംഗത്തെത്തി.
ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നായിരുന്നു ഷാജുവിന്റെ തിരുത്തിയ മൊഴി. ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു. എന്നാൽ കൊലയിൽ തനിക്കും പങ്കുണ്ടെന്ന് നിലവിൽ കുറ്റ സമ്മതം നടത്തിയിരിക്കുകയാണ് ഷാജു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here