‘കുറ്റസമ്മതം നടത്തിയിട്ടില്ല; കുരുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു’: ഷാജു

കൂടത്തായി കൂട്ടക്കൊലക്കേസിൽ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. പുറത്തുവരുന്നത് തെറ്റായ വാർത്തയാണ്. തനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. തന്നെ കുരുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. റോയിയുടെ ബന്ധുക്കൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അത് കുരുക്കാനുള്ള ശ്രമമായാണ് കരുതുന്നത്. ജോളിയുടെ കൂടെ ഒരു പ്രതി കൂടി വേണം എന്ന നിലയിലായിരിക്കും ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേസുകളിൽ കൂടുതൽ അന്വേഷണം നടക്കാനുണ്ടെന്നും ഷാജു പറഞ്ഞു.
മകൾ മരിച്ച സമയത്ത് സംശയങ്ങൾ ഒന്നും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് മൃതദഹേം പോസ്റ്റുമോർട്ടം ചെയ്യെണ്ട എന്ന തീരുമാനമെടുത്തത്. എന്നാൽ പോസ്റ്റുമോർട്ടം ചെയ്യാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ഷാജു വ്യക്തമാക്കി. എസ് പി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷം വിട്ടച്ചതിന് പിന്നാലെയാണ് ഷാജുവിന്റെ പ്രതികരണം.
കൂടത്തായിയിലെ കുറ്റകൃത്യത്തിന് കൂട്ടു നിന്നതായി ഷാജു മൊഴി നൽകിയതായി വാർത്തകളുണ്ടായിരുന്നു. ഭാര്യയുടേയും കുഞ്ഞിന്റേയും മരണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ഷാജു പറഞ്ഞതായായിരുന്നു റിപ്പോർട്ട്. അതേസമയം, അന്വേഷണത്തോട് ഷാജു സഹകരിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൊഴി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
Read also:‘ഭാര്യയെയും മകളെയും കൊല്ലാൻ കൂട്ടു നിന്നു’ : കുറ്റസമ്മതം നടത്തി ഷാജു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here