വിജിത്ത് കൊലപാതക കേസ്; മുഖ്യ പ്രതി അറസ്റ്റിൽ

തൃശൂർ ശ്രീനാരായണപുരം കട്ടൻബസാർ വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. ഒഡീഷ ഗംഗാപൂർ സ്വദേശി ടൊഫാൻ മല്ലിക്ക് ആണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് വിജിത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
സെപ്റ്റംബർ 26ന് ഉച്ചക്കാണ് വിജിത്ത് കൊല്ലപ്പെടുന്നത്. കൃത്യത്തിൽ ടൊഫാൻ,നബ്ബ, സുശാന്ത് എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്. പ്രതികളുടെ വാസസ്ഥലത് എത്തിയ വിജിത്ത്, മുഖ്യ പ്രതിയുമായി പണത്തിന്റെ പേരിലുണ്ടായ തർക്കം അടിപിടിയിലെത്തി. തുടർന്ന് പ്രതികൾ വിജിത്തിനെ കൂട്ടം കൂടി ആക്രമിച്ചു. ഇതിനിടെ ഒന്നാം പ്രതി ടൊഫാൻ കത്തിയെടുത്ത് വിജിത്തിനെ കുത്തികയായിരുന്നു. മുറിവ് വാരിയെല്ലുകൾ തകർത്ത് കരളിൽ വരെ ആഴ്ന്നിറങ്ങി. ഇതിനിടെ മറ്റൊരു പ്രതി ഇരിക്കാൻ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചു വീഴ്ത്തി. തുടർന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് തൊട്ടടുത്ത പറമ്പിലെ തെങ്ങിന് താഴെ ഉപേക്ഷിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ വഴി തൃശൂരിൽ എത്തിയ പ്രതികൾ രാത്രി തന്നെ ട്രെയിൻ മാർഗം ഒഡീഷയിലേക്ക് കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഡീഷയിലെ നയാപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേരിയിൽ നിന്ന് മുഖ്യപ്രതി അറസ്റ്റിലായത്. മൂന്നു ദിവസം ചേരിയിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ മറ്റു പ്രതികളെ കണ്ടെത്താനായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here