കൂടത്തായി കൊലപാതകം; അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു

കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. അതേസമയം കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വിദേശത്തേക്ക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തിൽ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും. ഷാജുവിന്റെ പിതാവ് സക്കറിയയെ വിശദമായി ചോദ്യം ചെയ്യാൻ ഇന്ന് വിളിച്ച് വരുത്തുമെന്നാണ് സൂചന.
അതേസമയം ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. ഷാജുവിനെ ഈ ഘട്ടത്തിൽ വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്. ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിൽ ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here