‘ജോലിയില്ലെങ്കിൽ പിന്നെ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു, ബ്യൂട്ടിപാർലറിലേക്ക് എന്നായിരുന്നു മറുപടി’: ജോളിക്കെതിരെ ഷാജു

കൂടത്തായി കൊലപാതകത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജു സക്കറിയാസ്. ജോളിക്ക് എൻഐടിയിൽ ജോലി ഇല്ലായിരുന്നുവെന്ന് അറിഞ്ഞത് വൈകിയാണെന്ന് ഷാജു പറഞ്ഞു. കേസ് വീണ്ടും ചർച്ചയായ പശ്ചാത്തലത്തിൽ ജോളിയോട് ഇക്കാര്യം ചോദിച്ചിരുന്നു. ജോലിയില്ലെങ്കിൽ പിന്നെ എവിടേക്കാണ് പോകുന്നതെന്ന് ജോളിയോട് ചോദിച്ചു. ബ്യൂട്ടിപാർലറിലേക്കാണ് എന്നായിരുന്നു മറുപടിയെന്നും ഷാജു പറഞ്ഞു.
ജോളിയുടെ അമിതമായ ഫോൺ വിളികളും സംശയത്തിനിടയാക്കി. മൂന്നോ നാലോ മാസങ്ങൾക്ക് മുൻപാണ് ഇത്. ഇതേപ്പറ്റി ജോളിയോട് ചോദിച്ചിരുന്നു. ഉൾക്കൊള്ളാൻ കഴിയുന്ന പ്രതികരണമായിരുന്നില്ല ജോളിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതോടെ ജോളിയോടുള്ള സ്‌നേഹം കുറഞ്ഞു. ജോളി തന്നോട് പെരുമാറിയിരുന്നത് യാന്ത്രികമായാണ്. അതുപോലെ തന്നെ തിരിച്ചും പെരുമാറേണ്ടി വന്നുവെന്നും ഷാജു പറഞ്ഞു.
ജോളിയുടെ പെരുമാറ്റത്തിൽ വലിയ നിരാശ ഉണ്ടായില്ല. മാനസിക നിലയെ ബാധിക്കാൻ ഇടയുണ്ടെന്ന് മനസിലാക്കിയതോടെ സ്വയം നിയന്ത്രിച്ചു. തുടർന്ന് ജോളിയോട് സ്‌നേഹമുള്ളതായി അഭിനയിക്കുകയാണ് ചെയ്തതെന്നും ഷാജു വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here