രജനി വാക്ക് പാലിച്ചു; തന്റെ ആദ്യ സോളോ ഹീറോ സിനിമയുടെ നിർമ്മാതാവിന് സമ്മാനിച്ചത് 45 ലക്ഷം രൂപയുടെ ഫ്ലാറ്റ്
തനിക്ക് ഹീറോ പരിവേഷം സമ്മാനിച്ച നിർമ്മാതാവിന് സൂപ്പർ താരം രജനികാന്ത് നൽകിയത് 45 ലക്ഷം രൂപയുടെ ഫ്ലാറ്റ്. ‘ഭൈരവി’ എന്ന തൻ്റെ ആദ്യ സോളോ ഹീറോ ചിത്രത്തിൻ്റെ നിർമ്മാതാവ് കലൈജ്ഞാനത്തിനാണ് രജനി ഫ്ലാറ്റ് സമ്മാനിച്ചത്. കലൈജ്ഞാനം വാടകവീട്ടിലാണെന്നറിഞ്ഞ രജനികാന്ത് ഫ്ലാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാക്കാണ് അദ്ദേഹം ഇപ്പോൾ പാലിച്ചത്.
അടുത്തിടെ ചെന്നൈയിൽ കലൈജ്ഞാനത്തെ ആദരിക്കുന്ന ഒരു ചടങ്ങ് നടന്നിരുന്നു. പരിപാടിയിൽ വാർധക്യസഹജമായ അവശതകളോടെ കലൈജ്ഞാനം വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് നടൻ ശിവകുമാർ വെളിപ്പെടുത്തി. വേദിയിൽ രജനികാന്തും ഉണ്ടായിരുന്നു. വേദിയിലുണ്ടായിരുന്ന മന്ത്രി കടമ്പൂർ രാജു കലൈജ്ഞാനത്തിന് വീട് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചുവെങ്കിലും ആ കാര്യം താൻ ഏറ്റുവെന്ന് രജനികാന്ത് അറിയിച്ചു.
ചെന്നൈ വിരുഗംപാക്കത്തിലാണ് രജനികാന്ത് കലൈജ്ഞാനത്തിന് ഫ്ലാറ്റ് നൽകിയത്. മഹാനവമി ദിവസത്തിൽ രജനികാന്ത് വീട്ടിലെത്തി ഭദ്രദീപംകൊളുത്തി താക്കോൽദാനം നിർവഹിച്ചു.
1978ൽ പുറത്തിറങ്ങിയ സിനിമയാണ് ഭൈരവി. എം ഭാസ്കർ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ നിർമ്മാണത്തിനു പുറമെ കഥയും സംഭാഷണങ്ങളും എഴുതിയത് കലൈജ്ഞാനം ആയിരുന്നു. വളരെ പ്രസിദ്ധമായ ‘സൂപ്പർ സ്റ്റാർ’ എന്ന ടൈറ്റിൽ രജനികാന്തിന് ആദ്യമായി നൽകിയ ചിത്രവും ഇതായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here