ലഭിച്ചത് അധികമഴ; പക്ഷേ വരുന്നത് കൊടും വരള്‍ച്ചയെന്ന് സൂചന

മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ അധികമഴ കേരളത്തില്‍ ലഭിച്ചുവെങ്കിലും ഇനി നേരിടേണ്ടിവരിക കൊടുവരള്‍ച്ചയെ എന്നു സൂചന. മേല്‍മണ്ണിനെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. നിലവില്‍ ശക്തമായി മഴ ലഭിക്കുന്നുണ്ടെങ്കിലും ഭൗമോപരിതല താപനില കൂടുതലാണ്. ഇതിനാല്‍ മണ്ണിലെ ഈര്‍പ്പം വളരെ വേഗം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇതാണ് വരള്‍ച്ചയ്ക്കുള്ള സാധ്യതയായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവിലുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ തകര്‍ത്താണ് സംസ്ഥാനത്ത് ഇടവപ്പാതി ഇത്തവണ പെയ്യുന്നത്. ഈ മാസം പകുതിയോടെ ഇടവപ്പാതി അവസാനിച്ച് തുലാവര്‍ഷത്തിനു തുടക്കമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സാധാരണ ഒക്ടോബര്‍ പകുതിക്കുശേഷമാണ് തുലാവര്‍ഷം ആരംഭിക്കുന്നതെങ്കിലും ഇത്തവണ അതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

തുലാവര്‍ഷത്തിന്റെ വരവിനെത്തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ശക്തമായ മഴ പെയ്യും. 10 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്. ഡിസംബര്‍ വരെയാണ് സാധാരണ തുലാവര്‍ഷം. ഇത്തവണ 16 ശതമാനത്തോളം അധിക മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കുന്നു.1917 നുശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മാസമായിരുന്നു സെപ്റ്റംബറിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജൂണില്‍ മഴ കുറവായിരുന്നെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന ഇടവപ്പാതിയില്‍ പ്രതീക്ഷിച്ചതിലും 13 ശതമാനം അധിക മഴ സംസ്ഥാനത്ത് ലഭിച്ചു.

മഴക്കാലത്ത് പ്രളയവും വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും ഉണ്ടാകാനുള്ള സാധ്യതകളാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി കേരളത്തെ ക്രിട്ടിക്കല്‍ സോണില്‍ ഉള്‍പ്പെടുത്തി പഠനം നടത്തുന്നതിനുള്ള നടപടികളും ആലോചനയിലുണ്ട്. പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നാര്‍, അട്ടപ്പാടി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് പഠനം നടത്താനും തീരുമാനമായിട്ടുണ്ട്. ഈര്‍പ്പത്തെ നിലനിര്‍ത്താനുള്ള ശേഷി മേല്‍മണ്ണിന് കുറഞ്ഞുവരികയാണെന്നും ഇത് മൂലം മണ്ണിന്റെ ബാഷ്പീകരണ തോത് കുറഞ്ഞുവരികയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. മഴക്കാലത്ത് സാധാരണ തണുത്ത കാലാവസ്ഥയാണ് കേരളത്തില്‍ ഉണ്ടാകുന്നതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു.

കേരളത്തില്‍ തുടര്‍ച്ചയായുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മഴയുടെ രീതിയിലുണ്ടായ വ്യത്യസവുമെല്ലാം വരള്‍ച്ചാ സാധ്യതയെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വനം, കുന്നുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവിടങ്ങളിലെ ജലസംഭരണ ശേഷി കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതോടൊപ്പം കേരളത്തിലെ മഴദിനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ കുറവും വരള്‍ച്ചയ്ക്ക് കാരണമായി മാറിയേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top