എറിഞ്ഞൊതുക്കി ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കക്കെതിരെ 165 റൺസ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ 45.1 ഓവറിൽ 164 റൺസിനു പുറത്താക്കുകയായിരുന്നു. 54 റൺസെടുത്ത മരിസൻ കാപ്പ് ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ജുലൻ ഗോസ്വാമി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പ്രോട്ടീസിന് മത്സരത്തിൻ്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ലിസൽ ലീയെ നഷ്ടമായി. ജുലൻ ഗോസ്വാമിയുടെ പന്തിൽ ലീ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ശേഷം ട്രിഷ ചെട്ടി (14), മിന്യോൺ ഡുപ്രീസ് (16) എന്നിവരെ പുറത്താക്കിയ ഏക്ത ബിഷ്ത് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് ഓർഡറിനെ തകർത്തു.

ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും ഉറച്ചു നിന്ന് ബാറ്റ് ചെയ്ത ലോറ വോൾവാർട്ടിനെ ദീപ്തി ശർമ്മ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക തകർന്നു. 39 റൺസെടുത്ത വോൾവാർട്ടിനെ ദീപ്തി ബൗൾഡാക്കുകയായിരുന്നു. സുൻ ലൂസ് (22), നദീൻ ഡിക്ലർക്ക് (0) എന്നിവരെ ഒരു ഓവറിൽ പുറത്താക്കിയ ശിഖ പാണ്ഡെ മധ്യനിരയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഷബ്‌നിം ഇസ്മായിൽ (3) പൂനം യാദവിൻ്റെ ഇരയായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 150 പോലും കടക്കില്ലെന്ന് കരുതിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച മരിസൻ കാപ്പ് രക്ഷാപ്രവർത്തനം തുടങ്ങി.

നോണ്ടുമിസോ ഷംഗാസേ (4) ഗോസ്വാമിയുടെ ഇരയായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 128/8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒൻപതാം വിക്കറ്റിൽ ക്രീസിലെത്തിയ തമി സെഖുഖുനെ മരിസൻ കാപ്പിനൊപ്പം ക്രീസിൽ ഉറച്ചു നിന്നതോടെ സാവധാനമെങ്കിലും സ്കോർ ഉയരാൻ തുടങ്ങി. ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. 34 പന്തുകളിൽ ആറു റൺസ് നേടിയ സെഖുഖുനയെ പുറത്താക്കിയ പൂനം യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഇതിനിടെ കാപ്പ് അരസെഞ്ചുറി കുറിച്ചു. 64 പന്തുകളിൽ 54 റൺസെടുത്തു നിൽക്കെ കാപ്പ് പുറത്തായി. ഗോസ്വാമിക്ക് നാലാം വിക്കറ്റ് സമ്മാനിച്ച് കാപ്പ് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 164 റൺസിന് ഓൾഔട്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top