കേരള ബാങ്കിന് ആര്‍ബിഐ അനുമതി; കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ത്ഥ്യമാകും

കേരളാ ബാങ്ക് രൂപീകരണത്തിന് സര്‍ക്കാരിന് അനുമതി. ഇതുസംബന്ധിച്ചുള്ള ആര്‍ബിഐയുടെ അനുമതി കത്ത് സര്‍ക്കാരിന് ലഭിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകും. 14 ജില്ലാ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാകും കേരള ബാങ്ക് രൂപീകരിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിപ്പിച്ചതോടെയാണ് സംസ്ഥാനത്തിന് ഒരു ബാങ്കെന്ന നിലയില്‍ കേരള ബാങ്ക് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആവശ്യമായ വായ്പകള്‍ക്കടക്കം കേരള ബാങ്കിനെ ആശ്രയിക്കാമെന്നതാണ് നേട്ടം. അധികാരമേറ്റ ഉടനെ കേരള ബാങ്കിന്റെ അനുമതിക്കായി സര്‍ക്കാര്‍ ആര്‍ബിഐയില്‍ അപേക്ഷ നല്‍കിയിരുന്നു.
ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഒരു ലക്ഷം കോടി രൂപ പ്രാഥമിക മൂലധനത്തില്‍ ബാങ്ക് സുഗമമായി മുന്നോട്ട് പോകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് പ്രാഥമിക അനുമതി നല്‍കിയെങ്കിലും യാഥാര്‍ത്ഥ്യമാകാന്‍ നിരവധി കടമ്പകളാണ് കടക്കേണ്ടിയിരുന്നത്.

പതിനാലു ജില്ലാ ബാങ്കുകളുടേയും പൊതുയോഗം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനാനുമതി പ്രമേയം പാസാക്കണമെന്നതായിരുന്നു ഇതിനായുള്ള ആദ്യ നടപടി. യുഡിഎഫ് ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ ബാങ്കുകള്‍ ലയനത്തെ എതിര്‍ത്തു.ഇത് പിന്നീട് പൊതുയോഗത്തില്‍ കേവല ഭൂരിപക്ഷം മതി എന്ന് ഇളവ് ചെയ്‌തെങ്കിലും മലപ്പുറം ജില്ലാ ബാങ്കിന്റെ എതിര്‍പ്പ് തുടര്‍ന്നു. അനുമതിക്ക് 19 നിബന്ധനകളാണ് റിസര്‍വ് ബാങ്ക് മുന്നോട്ട് വെച്ചിരുന്നത്. ഒടുവില്‍ കടമ്പകളെല്ലാം കടന്ന് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാവുകയാണ്.

പ്രാഥമിക സംഘം,ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ ത്രിതല മേഖലയാണ് സംസ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ ഇനി മുതല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ടാവില്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top