പൂതന വിവാദം; മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ്

പൂതന പരാമർശത്തിൽ മന്ത്രി ജി.സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീൻചിറ്റ്. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമർശം ദുരുദ്ദേശപരമല്ലെന്നാണ് മനസിലാക്കുന്നതെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

അരൂരിലെ യുഡി.എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനുവേണ്ടി ചീഫ് ഇലക്ഷൻ ഏജന്റിന്റെ പരാതിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ തീർപ്പ്. ഡിജിപിയിൽ നിന്നും ജില്ലാ കലക്ടറിൽ നിന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപുറമെ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. പൂതന പരാമർശത്തിൽ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാൻ ഷാനിമോൾ ഉസ്മാന് കഴിഞ്ഞില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

Read Also : പൂതന പരാമർശം: ജി സുധാകരനെതിരെ തെളിവ് ഹാജരാക്കാൻ ഷാനിമോൾക്കായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഇതിനു പുറമെ പ്രസംഗത്തിന്റെ വീഡിയോയും പരിശോധിച്ചിരുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആരെയും പേരെടുത്തു പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്. ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല അതെന്നാണ് മനസിലാക്കുന്നത്. അതിനാൽ മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top