Advertisement

ആകെ മൊത്തം സസ്പെൻസ്; ഞെട്ടിക്കാനൊരുങ്ങി ജംഷഡ്പൂർ

October 10, 2019
1 minute Read

ഐഎസ്എല്ലിലേക്ക് വൈകിയെത്തിയവരാണ് ജംഷഡ്പൂർ എഫ്സി. രണ്ട് വയസ്സ് മാത്രമാണ് ജംഷഡ്പൂരിൻ്റെ പ്രായം. എങ്കിലും സ്വന്തം സ്റ്റേഡിയമുള്ള ഐഎസ്എല്ലിലെ ആദ്യ ക്ലബ് എന്ന നേട്ടത്തോടെയാണ് ജംഷഡ്പൂർ എഫ്സി വരവറിയിച്ചത്. ആദ്യ സീസണിൽ അഞ്ചാമതായി ഫിനിഷ് ചെയ്തു. ആദ്യ സീസൺ എന്നതു പരിഗണിച്ചാൽ തെറ്റില്ലാത്ത നേട്ടം. കഴിഞ്ഞ സീസണിലും ജംഷഡ്പൂർ സീസൺ അവസാനിപ്പിച്ചത് അഞ്ചാം സ്ഥാനത്ത്.

ടിം കാഹിൽ എന്ന വലിയ പേരുകാരനുണ്ടായിട്ടും അവസാന നാലിൽ എത്താതിരുന്നത് മാനേജ്മെൻ്റിനെ മാറി ചിന്തിപ്പിച്ചു. പരിശീലകനെ മാറ്റിയ ക്ലബ് ചില മികച്ച താരങ്ങളെ ടീമിലെത്തിച്ചു. സ്പാനിഷ് കളിക്കാരുടെ ബാഹുല്യവും സ്പാനിഷ് കോച്ചിൻ്റെ സാന്നിധ്യവും പസിംഗ് ഗെയിമാണ് ജംഷഡ്പൂരിൻ്റെ തന്ത്രമെന്ന് സൂചിപ്പിക്കുന്നു.

സുബ്രത പാൽ എന്ന ‘ഇന്ത്യൻ സ്പൈഡർമാൻ’ തന്നെയാണ് ജംഷഡ്പൂരിൻ്റെ സ്വത്ത്. ക്രോസ് ബാറിനു കീഴിൽ സുപ്രത പാലിൻ്റെ പ്രകടനങ്ങളാണ് കഴിഞ്ഞ സീസണുകളിൽ ജംഷഡ്പൂരിനെ പലപ്പോഴും രക്ഷിച്ചത്. അത് ഇക്കൊല്ലവും തുടരും. പിറ്റി, സെർജിയോ കാസ്റ്റൽ എന്നീ സ്പാനിഷ് മുന്നേറ്റ നിര കടലാസിൽ കേട്ടുകേൾവി ഉള്ളതല്ല. സെർജിയോ കാസ്റ്റർ ലോണിലാണ് ടീമിൽ കളിക്കുന്നത്. ഇവർക്കൊപ്പം അനികേത് ജാദവ്, സുമീത് പാസി, ഫാറുഖ് ചൗധരി എന്നിവരടങ്ങുന്ന അറ്റാക്കിംഗ് നിര അത്ര ശക്തമല്ലെന്നാണ് വെപ്പ്. പക്ഷേ, സ്പാനിഷ് ലീഗിൽ കളിച്ച, ഒട്ടേറെ സ്പാനിഷ് ക്ലബുകളെ പരിശീലിപ്പിച്ച അൻ്റോണിയോ ഇറിയോണ്ടോ എന്ന പരിശീലകൻ കാത്തു വെച്ചിരിക്കുന്നതെന്താണെന്ന് കാത്തിരുന്നറിയേണ്ടി വരും.

നോ അകോസ്റ്റ, ഐറ്റർ മോൺറോയ് എന്നീ പേരുകളും അത്ര സുപരിചിതമല്ല. ഇവർക്കൊപ്പം ബ്രസീലുകാരൻ മെമോയും ചേർന്നാണ് ജംഷഡ്പൂർ മധ്യനിര നിയന്ത്രിക്കുക. അമർജിത് സിംഗ് കിയാം, ബികാഷ് ജെയ്റു, സികെ വിനീത് തുടങ്ങിയ ഇന്ത്യൻ കളിക്കാർ കൂടി അടങ്ങിയ മധ്യനിര കടലാസിൽ ശരാശരിയാണ്. പക്ഷേ, നേരത്തെ പറഞ്ഞു വെച്ചതു പോലെ അൻ്റോണിയോ ഇറിയോണ്ടോ എന്ന പരിശീലകൻ്റെ തന്ത്രങ്ങൾ കണ്ടറിയണം.

ടിരി പരിചയപ്പെടുത്തൽ അവശ്യമില്ലാത്ത താരമാണ്. ജംഷഡ്പൂരിൻ്റെ നായകൻ. പ്രതിരോധനിരയുടെ കാവലാൾ. അഗസ്റ്റിൻ ഫെർണാണ്ടസ്, നരേന്ദർ ഗഹ്‌ലോട്ട്, റോബിൻ ഗുരുംഗ്, കീഗൻ പെരേര എന്നിങ്ങനെ ചില മികച്ച ഇന്ത്യൻ താരങ്ങൾ കൂടി അടങ്ങിയ പ്രതിരോധനിര ശക്തമാണ്. സത്യത്തിൽ, ജംഷഡ്പൂരിൻ്റെ പ്രതിരോധനിരയാണ് മറ്റു ഡിപ്പാർട്ട്മെൻ്റുകളെ അപേക്ഷിച്ച് കടലാസിൽ ശക്തം.

എന്നിരുന്നാലും, പരിചിതമല്ലാത്ത ചില പേരുകളാണ് മറ്റു വിഭാഗങ്ങളിൽ ഉള്ളതെന്നതു കൊണ്ട് മാത്രം അവരെ തള്ളിക്കളയാനാവില്ല. ഓഗ്ബച്ചെയും കോറോയും മരിയോ ആർക്കസുമൊന്നും വലിയ പേരുകാരായല്ല ഇന്ത്യയിൽ കളിക്കാനെത്തിയത്. അതുകൊണ്ട് തന്നെ ജംഷഡ്പൂർ എന്തൊക്കെ സർപ്രൈസുകളാണ് കരുതി വെച്ചിരിക്കുന്നതെന്ന് കളി കണ്ടു തന്നെ മനസ്സിലാക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top