Advertisement

ജോസഫ് വിഭാഗം 56ആം പിറന്നാൾ ആഘോഷിച്ചു; ജോസ് കെ മാണി വിഭാഗം 55ആം പിറന്നാൾ ആഘോഷിച്ചു: കേരള കോൺഗ്രസ് ജന്മദിന ആഘോഷവും ‘ഗ്രൂപ്പ്’ മയം

October 10, 2019
1 minute Read

കേരള കോൺഗ്രസ് പിളർന്നു പിളർന്ന് ഇംഗ്ലീഷ് അക്ഷരമാല തീരാറായെന്നാണ് പൊതുജനസംസാരം. ഇനിയും കുറച്ച് അക്ഷരങ്ങൾ കൂടി ബാക്കിയുണ്ടെന്നും തീരാറായെന്നത് ശത്രുക്കളുടെ ആരോപണം മാത്രമാണെന്നുമുള്ള കൗണ്ടറൊക്കെ ഉയരുന്നുണ്ടെങ്കിലും അതൊക്കെ ആരു ശ്രദ്ധിക്കാനാണ്. എന്ത് തന്നെയായാലും കേരള കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മ അങ്ങാടിപ്പാട്ടായിട്ട് കുറച്ചായി. പാലായിലെ തോൽവിയോടെ പരസ്പരം പഴിചാരി നാണം കെട്ട ജോസഫ്-ജോസ് വിഭാഗങ്ങൾ ഈ നാണം കെടൽ തുടരാനുള്ള തീരുമാനത്തിൽ തന്നെയാണ്.

ഇത്തവണ ജന്മദിനമാണ് വില്ലനായത്. അതും, കേരള കോൺഗ്രസിൻ്റെ ജന്മദിനം. ജോസ് ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും പാർട്ടിയുടെ ജന്മദിനം കേക്കൊക്കെ മുറിച്ച് ഗംഭീരമായിത്തന്നെ ആഘോഷിച്ചു. പക്ഷേ, ചെറിയൊരു കുഴപ്പം പറ്റി. ജോസ് വിഭാഗം 55ആം പിറന്നാളും ജോസഫ് വിഭാഗം 56ആം പിറന്നാളുമാണ് ആഘോഷിച്ചത്. കോട്ടയം സിഎസ്ഐ റിട്രീറ്റ് സെൻ്ററിലാണ് ജോസ് വിഭാഗം പിറന്നാൾ ആഘോഷിച്ചത്. ജോസഫ് വിഭാഗമാവട്ടെ റബർ ഭവനിലാണ് ആഘോഷ പരിപാടികൾ നടത്തിയത്.

വിഷയത്തിൽ ജോസഫ് ജോസ് കെ മാണിക്ക് പക്വതയില്ലെന്ന പഴയ പല്ലവി ആവർത്തിക്കുകയാണ്. അതിപ്പോൾ തെളിഞ്ഞില്ലേ എന്നാണ് ജോസഫ് വിഭാഗത്തിൻ്റെ പരിഹാസം. എന്നാൽ, പാർട്ടിക്ക് 55 വയസ്സേ ആയിട്ടുള്ളൂവെന്നും ജോസഫ് വിഭാഗം ഒരു വയസ്സു കൂട്ടിയതാണെന്നും ജോസ് വിഭാഗം ആണയിടുന്നു. എന്തായാലും പൊതുജനങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണം കൂടി ആയി.

1964 ഒക്ടോബർ ഒൻപതിനാണ് കേരള കോൺഗ്രസിൻ്റെ ജനനം. ഒക്ടോബർ ഒൻപത് എന്ന തിയതി കൂടി പരിഗണിച്ചാൽ ജോസഫ് വിഭാഗത്തിൻ്റെ കൂടെ നിൽക്കേണ്ടി വരും. 56 വയസ്സ്. വർഷം മാത്രം പരിഗണിച്ചാൽ ജോസ് വിഭാഗത്തിനൊപ്പവും നിൽക്കേണ്ടി വരും. 55 വയസ്സ്. അതായത് ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കുകയും ജോസ് വിഭാഗത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്ന നിലപാടാണ് ഈ വിഷയത്തിലെടുക്കാൻ സാധിക്കുന്നത്.

കേരള കോൺഗ്രസ് സ്ഥാപിക്കപ്പെടുമ്പോൾ കെഎം മാണി കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു. ഒരു വർഷം കഴിഞ്ഞ് നടന്ന പാലാ തെരഞ്ഞെടുപ്പിൽ മാണി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി. മാണി കേരള കോൺഗ്രസിൽ ചേർന്നതു മുതൽ കണക്കുകൂട്ടിയത് കൊണ്ടാണ് ജോസ് വിഭാഗത്തിന് ഒരു വയസ് കുറഞ്ഞതെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പരിഹാസം.

അതേ സമയം, കഴിഞ്ഞ വർഷം പിജെ ജോസഫും കെഎം മാണിയും കൂടി ഒരുമിച്ച് ആഘോഷിച്ചത് 55ആം ജന്മദിനമായിരുന്നു. ഇന്നലെ രാവിലെ തൻ്റെ ഫേസ്ബുക്ക് പേജിൽ ജോസ് കെ മാണി പോസ്റ്റ് ചെയ്തതും 56ആം ജന്മദിനം എന്നായിരുന്നു. എന്താ കഥ! എന്തായാലും പോയ ബസിനു കൈകാണിച്ചിട്ട് വല്ല കാര്യവുമുണ്ടോ?

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top