Advertisement

വീണ്ടും സെഞ്ചുറി; അഗർവാളിന്റെ ചിറകിലേറി ഇന്ത്യ മികച്ച സ്കോറിലേക്ക്

October 10, 2019
Google News 0 minutes Read

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. സെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന ഓപ്പണർ മായങ്ക് അഗർവാളാണ് ഇന്ത്യൻ സ്കോർ മുന്നോട്ടു നയിക്കുന്നത്. 58 റൺസെടുത്ത് പുറത്തായ ചേതേശ്വർ പൂജാരയും ഇന്ത്യൻ ഇന്നിംഗ്സിന് ഊർജ്ജമായി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. 10 ഓവർ നീണ്ടു നിന്ന കൂട്ടുകെട്ട് കഗീസോ റബാഡ തകർത്തു. 14 റൺസെടുത്ത രോഹിത് ശർമ്മയെ റബാഡ ഡികോക്കിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ അഗർവാളിനൊപ്പം ചേതേശ്വർ പൂജാര ഒത്തുചേർന്നു. അനായാസം ബാറ്റ് ചെയ്ത ഇരുവരും വെല്ലുവിളികളില്ലാതെയാണ് സ്കോർ ഉയർത്തിയത്. ഇതിനിടെ അഗർവാൾ തൻ്റെ അരസെഞ്ചുറി കുറിച്ചു.

രണ്ടാം വിക്കറ്റിൽ അഗർവാളും പൂജാരയും ചേർന്ന് 138 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്തു നിൽക്കെ പൂജാരയെ ഡുപ്ലെസിയുടെ കൈകളിലെത്തിച്ച റബാഡയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പൂജാര പുറത്തായിട്ടും മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്ന അഗർവാൾ ക്യാപ്റ്റൻ വിരാട് കോലിയോടൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. കേശവ് മഹാരാജിനെ തുടർച്ചയായ രണ്ട് സിക്സറുകളടിച്ച് 99 റൺസിലെത്തിയ അഗർവാൾ തൊട്ടടുത്ത ഓവറിൽ ഫിലാണ്ടറിനെ ബൗണ്ടറിയടിച്ച് സെഞ്ചുറി തികച്ചു. വീരേന്ദർ സെവാഗിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ തുടർച്ചയായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ഓപ്പണറെന്ന റെക്കോർഡും അഗർവാൾ ഇതോടെ സ്വന്തം പേരിലാക്കി. 10 വർഷങ്ങൾക്കു മുൻപ്, 2009ലായിരുന്നു സെവാഗിൻ്റെ റെക്കോർഡ്.

ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ്. മായങ്ക് അഗർവാൾ 105 റൺസെടുത്തും വിരാട് കോലി 4 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here