അബി അഹമ്മദ് അലി; പ്രതിസന്ധികളെ തരണം ചെയ്ത നയതന്ത്രം

ഇരുപതു വര്‍ഷം നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കവും യുദ്ധവും പരിഹരിക്കാന്‍ ഒരാള്‍ മുന്‍കൈ എടുക്കുക. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സമാധാനം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുക. ചരിത്രം ഇനി അബി അഹമ്മദ് അലി എന്ന പേര് തങ്കലിപികളില്‍ കോറിയിടും.
2018 ഏപ്രില്‍ രണ്ടിന് എത്യോപ്യയുടെ പ്രധാനമന്ത്രിയാവുകയും എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനും സംഘര്‍ഷത്തിനും പരിഹാരം കണ്ടെത്തുകയും ചെയ്ത അബി അഹമ്മദ് അലിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയാണ് ലോകം ആദരിച്ചത്.
അബി അഹമ്മദ് അലിയെക്കുറിച്ച് അറിയുന്നതിനുമുമ്പ് എത്യോപ്യയും അയല്‍ രാജ്യമായ എറിത്രിയയുമായുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയേണ്ടതുണ്ട്.
Read More: എത്യോപ്യൻ പ്രധാന മന്ത്രി അബി അഹമ്മദ് അലിക്ക് സമാധാന നൊബേൽ
എത്യോപ്യയും അതിര്‍ത്തി തര്‍ക്കവും
കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയുടെ വടക്ക് ഭാഗത്താണ് എരിത്രിയ സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട സമരത്തിനൊടുവിലാണ് എത്യോപ്യന്‍ ആധിപത്യത്തില്‍ നിന്നും 1993 ല്‍ എറിത്രിയ സ്വാതന്ത്രം നേടിയത്. എറിത്രിയക്കാര്‍ എത്യോപ്യയില്‍ നിന്നും വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുവോ എന്നറിയാന്‍ യുഎന്‍ മേല്‍നോട്ടത്തില്‍ നടത്തിയ ഹിതപരിശോധനയെ തുടര്‍ന്നാണ് സ്വാതന്ത്ര്യം ലഭിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം എത്യോപ്യയും എറിത്രിയയും തമ്മില്‍ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം ആരംഭിച്ചു. 1998 മുതല്‍ 2000 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ 70,000 ത്തോളം ജീവനുകളാണ് പൊലിഞ്ഞത്. സമാധാന ചര്‍ച്ചകള്‍ പലവഴിക്ക് നടന്നുവെങ്കിലും ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നു.
അബി അഹമ്മദ് അലിയെന്ന നയതന്ത്രജ്ഞന്‍
തര്‍ക്കം തീര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ നടക്കുന്നതിനിടെയാണ് 43 കാരനായ അബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.അധികാരമേറ്റ നാളുകളില്‍ തന്നെ എറിത്രിയയുമായി സമാധന ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എറിത്രിയ പ്രസിഡന്റുമായുള്ള അടുത്ത ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറില്‍ എത്തിക്കുന്നതിനു കാരണമായി. എത്യോപ്യന്‍ പീപ്പിള്‍ റെവല്യൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും ഒറോമോ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയുടെയും ചെയര്‍മാനായിരുന്നു അബി അഹമ്മദ് അലി.
അധികാരത്തിലെത്തി ആറുമാസത്തിനുള്ളില്‍ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായുള്ള സമാധാന ചര്‍ച്ചകളിലേര്‍പ്പെടാനായി. ജയിലില്‍ കഴിയുന്ന വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിച്ചതും അധികാര സ്ഥാനത്ത് അതുവരെ ഇരുന്നവര്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പ് പറഞ്ഞതും അബി അഹമ്മദിന്റെ നയതന്ത്രത്തെ ശ്രദ്ധേയമാക്കി.
എത്യോപ്യയിലെ ബേഷഷ എന്ന സ്ഥലത്ത് അഹമ്മദ് അലി – ടെസെറ്റ വേള്‍ഡേ ദമ്പതികളുടെ മകനായി 1976 ഓഗസ്റ്റ് 15 നാണ് ജനനം. പട്ടാളത്തില്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്ന അബി അതിനു ശേഷമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here