എല്ലാവരെയും ചിരിപ്പിച്ച ദേവിക; ഒടുവില്‍ ചിരിക്കാതെ മടങ്ങി

തലേന്ന് ചിരിതൂകി യാത്രപറഞ്ഞിറങ്ങിയ കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികളുടെ കണ്ണ് നിറഞ്ഞു. അവസാനമായി ഒരു നോക്കു കാണാനെത്തിയ അവര്‍ ദേവികയേ.. നീയൊന്ന് ചിരിക്കെന്ന് പറഞ്ഞ് അലമുറയിട്ടു. കൈപിടിച്ച് ചിരിതൂകി എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദേവികയുടെ മുഖം കൂട്ടുകാരികള്‍ക്ക് മറക്കാനാവില്ല. ആ ദേവികയെയാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ് ജീവനില്ലാതെ തങ്ങള്‍ക്കു മുമ്പില്‍ കിടത്തിയിരിക്കുന്നതെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല.
വ്യാഴാഴ്ച്ച അര്‍ധരാത്രിയാണ് കാക്കനാട് അത്താണിയില്‍ കാളങ്ങാട്ട് പത്മാലയത്തില്‍ ദേവികയെ പറവൂര്‍ വല്ലംതുരുത്ത് പാടത്തുവീട്ടില്‍ മിഥുന്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. തീപ്പൊള്ളലേറ്റ മിഥുനും ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു.
അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. ഇന്നലെ കാക്കനാട്ടെ വീട്ടില്‍ ദേവികയെ കാണാനെത്തിയ കൂട്ടുകാരികള്‍ക്കു മുമ്പില്‍ അവള്‍ ചിരിതൂകിയില്ല. ഒന്നാം ക്ലാസ് മുതല്‍ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു ദേവികയുടെ പഠനം. എസ്എസ്എല്‍സിക്ക് 94 ശതമാനമായിരുന്നു മാര്‍ക്ക്. പ്ലസ്ടുവിന് ഇഷ്ടവിഷയമായ കൊമേഴ്‌സാണ് ദേവിക തെരഞ്ഞെടുത്തത്. ആദ്യവര്‍ഷം 85 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി. കൊമേഴ്‌സ് ബി ഡിവിഷനിലെ ക്ലാസ് ലീഡര്‍കൂടിയായിരുന്നു ദേവിക.
മിഥുന്‍ ശല്യം ചെയ്യുന്ന വിവരം ദേവിക സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വിവരങ്ങളൊന്നും ടീച്ചര്‍മാര്‍ അറിഞ്ഞിരുന്നില്ല. എന്തെങ്കിലും വിവരം ലഭിച്ചിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാനാവുമായിരുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്. ക്ലാസ് അധ്യാപിയ്ക്കും സഹപാഠികള്‍ക്കും ഇപ്പോഴും ദേവികയുടെ മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. പ്രിയപ്പെട്ട ശിഷ്യയെ ഒരുനോക്കു കാണാന്‍ കാക്കനാട്ടെ വീട്ടില്‍ എത്തിയെങ്കിലും ഒന്നും മിണ്ടാതെ പൊട്ടിക്കരഞ്ഞ് ക്ലാസ് അധ്യാപിക മടങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here