ഹർമന്റെ വെടിക്കെട്ട്; ഇന്ത്യക്ക് രണ്ടാം ജയം, പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. 66 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പൂനം റാവത് 65 റൺസെടുത്തു. ദക്ഷിണാഫ്രിക്കക്കു വേണ്ടി അയബോങ ഖാക്ക മൂന്നു വിക്കറ്റെടുത്തു. ആദ്യ ഏകദിനം ജയിച്ചിരുന്ന ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇതോടെ സ്വന്തമാക്കി.
248 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി മോശമല്ലാത്ത തുടക്കമാണ് പ്രിയ പുനിയയും ജമീമ റോഡ്രിഗസും ചേർന്ന് നൽകിയത്. 34 റൺസ് നീണ്ട ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് ഒൻപതാം ഓവറിൽ വേർപിരിഞ്ഞു. ജമീമ റോഡ്രിഗസിനെ (18) സ്വന്തം ബൗളിംഗിൽ പിടികൂടിയ അയബോങ ഖാക്കയാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
രണ്ടാം വിക്കറ്റിൽ പൂനം റാവത്തിനൊപ്പം 32 റൺസിൻ്റെ പാർട്ണർഷിപ്പുയർത്തിയ പ്രിയയെ 13ആം ഓവറിൽ ഷബ്നം ഇസ്മായിൽ ലോറ വോൾഫാർട്ടിൻ്റെ കൈകളിലെത്തിച്ചു. 20 റൺസെടുത്താണ് പ്രിയ പുറത്തായത്. പ്രിയയുടെ വിക്കറ്റിനു പിന്നാലെ ടീമിലെ വെറ്ററൻസ് ഒത്തുചേർന്നു.
പൂനം റാവത്ത്-മിതാലി രാജ് സഖ്യം എതിരാളികൾക്ക് അവസരമൊന്നും നൽകാതെ മുന്നേറി. 57 പന്തുകളിലാണ് മിതാലി അർധസെഞ്ചുറി തികച്ചത്. 73 പന്തുകളിൽ പൂനം റാവത്തും അർധസെഞ്ചുറിയിലെത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 129 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. മരിസൻ കാപ്പാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 66 റൺസെടുത്ത മിതാലിയെ കാപ്പ് ലോറ വോൾഫാർട്ടിൻ്റെ കൈകളിലെത്തിച്ചു. സ്കോർ ബോർഡിൽ ഒരു റൺ കൂടി ചേർത്തപ്പോഴേക്കും പൂനം റാവത്തും പുറത്തായി. 65 റൺസെടുത്ത പൂനം അബോങ ഖാക്കയുടെ പന്തിൽ മരിസൻ കാപ്പ് പിടിച്ചാണ് പുറത്തായത്. പിന്നാലെ ദീപ്തി ശർമ്മയെ (2) ക്ലീൻ ബൗൾഡാക്കിയ ഖാക്ക ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി. എന്നാൽ ഹർമൻപ്രീതിന് മറ്റു ചില പ്ലാനുകളാണ് ഉണ്ടായിരുന്നത്.
താനിയ ഭാട്ടിയയെ കാഴ്ചക്കാരിയാക്കി ഹർമൻ കത്തിക്കയറി. 48ആം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ തുടർച്ചയായ രണ്ട് ബൗണ്ടറികളും ശേഷം ഒരു സിംഗിളും നേടി കളി ജയിപ്പിക്കുമ്പോൾ 39 റൺസായിരുന്നു ഹർമൻ്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 27 പന്തുകളിലാണ് ഹർമൻ 39 റൺസെടുത്തത്. ഹർമനൊപ്പം താനിയ ഭാട്ടിയ 8 റൺസെടുത്ത് പുറത്താവതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here