Advertisement

ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ; ഇന്ത്യൻ വനിതകൾക്ക് 248 റൺസ് വിജയലക്ഷ്യം

October 11, 2019
Google News 1 minute Read

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് ദക്ഷിണാഫ്രിക്ക സ്കോർ ചെയ്തത്. 69 റൺസെടുത്ത ലോറ വോൾഫർട്ടാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മിന്യോൺ ഡുപ്രീസ്, ലിസൽ ലീ, ലാറ ഗൂഡൽ എന്നിവരും ദക്ഷിണാഫ്രിക്കൻ സ്കോറിലേക്ക് നിർണ്ണായക പിന്തുണ നൽകി. ഇന്ത്യക്കായി ശിഖ പാണ്ഡെ, ഏക്ത ബിഷ്റ്റ്, പൂനം യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിലെ അവിശ്വസനീയ ബാറ്റിംഗ് തകർച്ചയുടെ ഞെട്ടലിൽ നിന്ന് തങ്ങൾ കരകയറിയെന്ന വിളംബരത്തോടെയാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ടോസ് നേടി ബാറ്റിനിംഗിനിറങ്ങേണ്ടി ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർമാരായ ലിസൽ ലീയും ലോറ വോൾഫർട്ടും അനായാസം സ്കോർ ചെയ്തു. കൂട്ടത്തിൽ ലിസൽ ലീയായിരുന്നു അപകടകാരി.

ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഇന്ത്യക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒടുവിൽ പൂനം യാദവാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. 16ആം ഓവറിൽ ലിസൽ ലീയെ പൂനം ഹർമൻപ്രീതിൻ്റെ കൈകളിലെത്തിച്ചു. 40 റൺസെടുത്താണ് ലീ പുറത്തായത്. 76 റൺസിൻ്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ലീ, ലോറക്കൊപ്പം പടുത്തുയർത്തിയിരുന്നു.

രണ്ടാം വിക്കറ്റിൽ ലോറക്കൊപ്പം ഒത്തുചേർന്ന ട്രിഷ ചെട്ടിയും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ വിയർത്തു. 51 റൺസാണ് ഇരുവരും ചേർന്ന് സ്കോർബോർഡിലേക്ക് ചേർത്തത്. 30ആം ഓവറിലെ അവസാന പന്തിൽ 22 റൺസെടുത്ത ചെട്ടിയെ ഗോസ്വാമിയുടെ കൈകളിലെത്തിച്ച ശിഖ പാണ്ഡെ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഏറെ തമസിയാതെ ലോറ വോൾഫർട്ടും പുറത്തായി. ശിഖ പാണ്ഡെയുടെ പന്തിൽ ജമീമ റോഡ്രിഗസിനു പിടികൊടുത്താണ് പ്രോട്ടീസ് ഓപ്പണർ മടങ്ങിയത്. തുടർന്ന് നാലാം വിക്കറ്റിൽ മിന്യോൺ ഡുപ്രീസും ലാറ ഗൂഡലും ചേർന്ന കൂട്ടുകെട്ട് 59 റൺസ് പടുത്തുയർത്തി. ടി-20 ശൈലിയിൽ ബാറ്റ് ചെയ്ത ഗൂഡൽ കൂറ്റൻ സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിക്കുമെന്ന് കരുതവെ ഏക്ത ബിഷ്റ്റ് ഈ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തുകളിൽ 38 റൺസെടുത്ത ഗൂഡലിനെ ബിഷ്റ്റിൻ്റെ പതിൽ തനിയ ഭാട്ടിയ സ്റ്റമ്പ് ചെയ്തു പുറത്താക്കി.

തുടർന്ന് ക്യാപ്റ്റൻ സുനേ ലുസ് (12) പൂനം യാദവിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. പൂനം യാദവിൻ്റെ പന്തിൽ ലുസിനെ തനിയ ഭാട്ടിയ പിടികൂടി. അവസാന ഓവറിൽ 44 റൺസെടുത്ത മിന്യോൺ ഡുപ്രീസിനെ ഏക്ത ബിഷ്റ്റ് ബൗൾഡാക്കി. 11 റൺസെടുത്ത മരിസൻ കാപ്പും ഒരു റൺസെടുത്ത ഷബ്നിം ഇസ്മായിലും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here