ഇന്ത്യ- ചൈന അനൗപചാരിക ഉച്ചകോടിക്ക് നാളെ മഹാബലിപുരത്ത് തുടക്കം കുറിക്കും

ചൈനീസ് പ്രസിഡന്റ് ഷി ജിന്ദ് പിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന അനൗപചാരിക ഉച്ചകോടി നാളെ ആരംഭിക്കും. ഇന്ത്യയും ചൈനയും തമ്മിൽ കശ്മീരടക്കമുള്ള വിഷയങ്ങളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെ ആണ് ഇരു രാജ്യ നേതാക്കളുടെയും കൂടിക്കാഴ്ച. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് ഉച്ചകോടി.
രണ്ടാം അനൗപചാരിക ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇരുരാജ്യങ്ങളും ഇന്നലെയാണ് നടത്തിയത്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളാവും ഉച്ചകോടിയുടെ പ്രധാന അജണ്ട. കാശ്മീർ വിഷയത്തിലെ ചൈനയുടെ നിലപാടുകളിൽ വലിയ ചാഞ്ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. യുഎൻ രക്ഷാ സമിതിയിലുൾപ്പെടെ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് ചൈന സ്വീകരിച്ചിരുന്നു. എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണ് പ്രശ്‌നമെന്ന് കഴിഞ്ഞ ദിവസം ചൈന നിലപാട് മാറ്റിയിരുന്നു. ഇന്നലെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഷി ജിങ് പിങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവിട്ട സംയുക്ത വാർത്താക്കുറിപ്പിൽ ചൈന വീണ്ടും പാക്കിസ്ഥാനെ പിന്തുണച്ചു. ഇതിന് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ മറുപടി നൽകിയത്. ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മിയാണ് പരിഹാരം വേണ്ടതായ വിഷയങ്ങളുടെ പട്ടികയിൽ പ്രധാനം. ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ട് പൊതുവിൽ വ്യാപാര വിഷയത്തിലും യുഎസ് സ്വീകരിക്കുന്ന നടപടികൾ പശ്ചാത്തലത്തിൽ നിർത്തിയാവും ഷി മോദി ചർച്ച. യുഎൻ രക്ഷാസമിതിയുടെ പുനഃക്രമീകരണം, പ്രതിരോധം, സുരക്ഷ, ഭീകരവാദം, അതിർത്തിത്തർക്ക വിഷയത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ അടുത്ത കൂടിക്കാഴ്ച എപ്പോൾ നടത്തണം തുടങ്ങിയ കാര്യങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here