നാല് പേർക്ക് സയനെെഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി

അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ താൻ കൂടുതൽ കൊലപാതകങ്ങൾ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്. കൂടത്തായി കൊലക്കേസ് പ്രതി ജോളി നാല് പേരെ കൊന്നത് സയനെെഡ് നൽകിയാണെന്നും മൊഴി നൽകി. അന്നമ്മക്ക് കീടനാശിനി നൽകിയാണ് കൊന്നത്. സിലിയുടെ മകൾക്ക് സയനെെഡ് നൽകിയത് ഓർമയില്ലെന്നും ജോളി പൊലിസിനോട് പറഞ്ഞു.
ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലിസ് തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരും. ജോളിയുടെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും കൈമാറാൻ ഡിവൈഎസ്പിക്ക് കളക്ടർ നിർദ്ദേശം കൊടുത്തു.
തഹസിൽദാർ ജയശ്രീയുടെ മൊഴിയെടുത്താൽ റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകും. തെളിവെടുപ്പിന് ഹാജരാവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.
ആറ് കൊലപാതകങ്ങളും ചെയ്തത് താൻ തന്നെയെന്ന് ജോളി വ്യക്തമാക്കി. എന്നാൽ, മകളുടെ കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല സർ’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ജോളിയുടെ മറുപടി. ജോളിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയയാക്കുന്നതിനു മുമ്പ് തന്നെ എസ്പി സൈമണും രണ്ട് ഉദ്യോഗസ്ഥരും പതിനഞ്ചു മിനിട്ടോളം സംസാരിച്ചിരുന്നു.
ഈ ഘട്ടത്തിൽ താൻ എല്ലാം പറയാം എന്ന് ഉദ്യോഗസ്ഥരോട് ജോളി സമ്മതിച്ചിരുന്നു. ‘ഇനി ഒന്നും പറയാതിരുന്നിട്ട് കാര്യമില്ല.എല്ലാ കുറ്റ സമ്മതവും നടത്തി ശിക്ഷയിൽ ഇളവ് തേടുന്നതാണ് നല്ലത്’ എന്ന ബന്ധുവിന്റെ ഉപദേശ പ്രകാരമാണ് താൻ ഇല്ലാം തുറന്നു പറയാൻ തയാറാവുന്നതെന്നും ജോളി പറഞ്ഞു.
ചോദ്യം ചെയ്യലിന്റെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ ആറ് കൊലപാതകവും ചെയ്തത് താൻ തന്നെയെന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ജോളി കുറ്റസമ്മതം നടത്തി. വീട്ടിലെ ഭരണം പിടിക്കാനാണ് ആദ്യ ഭർത്താവ് റോയിയുടെ മാതാവിനെ കൊലപ്പെടുത്തിയത്. സ്വത്തിനു വേണ്ടി അച്ഛനേയും, അതിനു ശേഷം റോയി എന്നിങ്ങനെയായിരുന്നു കൊലപാതകങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here