ലജ്ജാവതിയേ എന്ന പാട്ടിനു ചുവടു വെച്ച് ഷിമോഗയിലെ നേഴ്സിംഗ് വിദ്യാർത്ഥികൾ; അന്നത്തെ ആ വീഡിയോ ഇന്ന് വീണ്ടും വൈറൽ

ലജ്ജാവതിയേ എന്ന പാട്ട് കേരളക്കരയിലെ യുവാക്കളിലുണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല. ജാസി ഗിഫ്റ്റിൻ്റെ വ്യത്യസ്തമായ കമ്പോസിംഗ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗാനം അക്കാലത്തെ ക്യാമ്പസുകളിൽ തുടർച്ചയായി മുഴങ്ങിക്കേട്ടിരുന്നു. സിനിമാറ്റിക് ഡാൻസുകളിലൊക്കെ ഈ പാട്ടായിരുന്നു പ്രധാന ആകർഷണം. എന്നാൽ, അന്ന് കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ ഈ പാട്ട് കടന്ന് ചെന്നിരുന്നുവെന്നും അവിടെയുള്ള ക്യാമ്പസുകളൊക്കെ ഈ പാട്ട് ആഘോഷമാക്കിയിരുന്നെന്നും തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
ഷിമോഗ മൈത്രി കോളേജ് ഓഫ് നഴ്സിംഗിൽ നടന്ന ഒരു പരിപാടിയിൽ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ലജ്ജാവതിക്ക് ചുവടുകൾ വെക്കുന്നതാണ് വീഡിയോ. വർഷങ്ങൾക്കു മുൻപത്തെ ട്രെൻഡ് പ്രകാരമുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വീഡിയോക്ക് പാട്ടിനോളം പഴക്കമുണ്ടെന്ന് വ്യക്തം. കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഒരുതവണ സമൂഹമാധ്യമങ്ങൾ ആഘോഷിച്ച വീഡിയോ ആണിത്. അതാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്.
2004ൽ ജയരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഫോർ ദി പീപ്പിൾ’ എന്ന ചിത്രത്തിലെ ഗാനമാണ് ലജ്ജാവതിയേ. ജാസി ഗിഫ്റ്റാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആലാപനവും. ചിത്രത്തിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here