സാക്‌സഫോണ്‍ മാന്ത്രികന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

അസുഖബാധയെ തുടര്‍ന്ന് ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദ്രി ഗോപാല്‍നാഥ് ഇന്ന് പുലര്‍ച്ചെ 12 ഓടെയാണ് മരിച്ചത്. 69 വയസായിരുന്നു. കര്‍ണാടക സംഗീതപ്രേമികള്‍ക്ക് സാക്‌സഫോണിനെ പരിചയപ്പെടുത്തിയ അതുല്യപ്രതിഭയായിരുന്നു കദ്രി ഗോപാല്‍നാഥ്. പാശ്ചാത്യ സംഗീതോപകരണമായ സാക്‌സഫോണിനെ കര്‍ണാടകയിലെ സംഗീതസദസുകള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത് കദ്രി ഗോപാല്‍നാഥ് ആയിരുന്നു.
1950ല്‍ കര്‍ണാടകയിലെ കദ്രി എന്ന ദക്ഷിണകന്നട ജില്ലയിലാണ് കദ്രി ഗോപാല്‍നാഥിന്റെ ജനനം. നാദസ്വര വിദ്വാനായിരുന്ന താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. 1970 ല്‍ മുംബൈയില്‍ നടന്ന ജാസ് ഫെസ്റ്റിവലിലൂടെ സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയ കദ്രി ഗോപാല്‍നാഥ് പിന്നീട് ഒട്ടുമിക്ക രാജ്യാന്തര സംഗീതോല്‍സവങ്ങളിലും സജീവസാന്നിദ്ധ്യമായി മാറി.
ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞനും കദ്രി ഗോപാല്‍നാഥാണ്. 2004ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയുള്ള കലാകാരനായിരുന്നു കദ്രി ഗോപാല്‍നാഥ്.
സാക്‌സഫോണ്‍ എന്ന പാശ്ചാത്യ സംഗീതോപകരണത്തിന് കര്‍ണാടക സംഗീതവും അനായാസമായി വഴങ്ങുമെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമാണ്. ആദ്യകാലങ്ങളില്‍ ബാന്‍ഡ് മേളങ്ങളുടെ അനുബന്ധവാദ്യമായാണ് സാക്‌സഫോണ്‍ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ക്ലാസിക്കല്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ കദ്രി ഗോപിനാഥ് സാക്‌സഫോണ്‍ ഉപയോഗിച്ചുതുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here