Advertisement

ആരാണ് കറുത്ത വിധവകൾ? : എട്ട് കുപ്രസിദ്ധ സീരിയൽ കില്ലർ ഭാര്യമാർ

October 11, 2019
Google News 3 minutes Read
blackwidow

കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ തന്റെ ഭർത്താവിനെ അടക്കം അടുത്ത ബന്ധുക്കളെ പല ആവശ്യങ്ങൾക്കുമായി കൊലപ്പെടുത്തിയ ജോളിയെ നമുക്കിപ്പോൾ അറിയാം. ലോകത്ത് പലയിടങ്ങളിലും ഇതുമായി സാദൃശ്യപ്പെടുത്താവുന്ന രീതിയിൽ കൊലപാതക പരമ്പരകൾ നടന്നിട്ടുണ്ട്. നിഷ്ഠൂരമായ രീതിയിൽ കൊലപാതകങ്ങൾ നടത്തിയ ഇവരെ ‘കറുത്ത വിധവകൾ’ എന്ന് വിളിക്കുന്നു.

കറുത്ത വിധവകൾ (Black widows)

‘കറുത്ത വിധവകൾ’ മരുഭൂമിയിലെ ഒരിനം ചിലന്തികളുടെ പേരാണ്. ഇവയിലെ പെൺ ചിലന്തി ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിയെ ഭക്ഷിക്കുന്നതാണ് ഈ വർ​ഗത്തെ വ്യത്യസ്തരാക്കുന്നത്. കുറ്റകൃത്യങ്ങൾ ഒരുപോലെ ഞെട്ടിക്കുന്നതാണെങ്കിലും സ്ത്രീ കൊലയാളികൾ പുരുഷ കൊലയാളികളിൽ നിന്ന് വ്യത്യസ്തമായി അവരുടെ ഏറ്റവും അടുത്ത ആളുകളെ അല്ലെങ്കിൽ ബന്ധുക്കളെയാണ് കൊല്ലുക. അതുകൊണ്ട് സ്ത്രീ സീരിയൽ കൊലയാളികളെ കറുത്ത വിധവകളെന്ന് വിളിക്കുന്നു. ഉദാഹരണത്തിന് അമേരിക്കയിലെ മിഷിഗനിലെ കെല്ലി കൊക്രാന്റെ കഥ തന്നെ, തന്റെ കാമുകനെ കൊല്ലാൻ കെല്ലി തന്റെ ഭർത്താവിനെ സഹായിച്ചു. പിന്നീട് ഇവർ തന്നെ സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തി.

ഇവരെല്ലാം തന്നെ അവരുടെ ദേഷ്യം, കാമനകൾ അല്ലെങ്കിൽ സാമ്പത്തിക നേട്ടത്തിനായുള്ള ആഗ്രഹം എന്നിവ അവരുടെ ഭർത്താക്കന്മാരെയും കാമുകന്മാരെയും കൊന്നുകൊണ്ട് തീർത്തിരിക്കുന്നു. സ്ത്രീ സീരിയൽ കില്ലർമാരിൽ ഈ പ്രവണത വളരെ കൂടുതലാണ്. അധിക്ഷേപിക്കുന്ന ഭർത്താക്കന്മാരോട് പ്രതികാരം ചെയ്ത, ക്രൂരമായ കുറ്റകൃത്യങ്ങളിൽ നിന്ന് ലാഭമുണ്ടാക്കിയ, അല്ലെങ്കിൽ സ്വന്തം രോഗകാരണങ്ങളാൽ കൊലപാതകം നടത്തിയ നിരവധി ഉദാഹരണങ്ങളുണ്ട് കറുത്ത വിധവകളിൽ.

കുപ്രസിദ്ധരായ ‘കറുത്ത വിധവകൾ’

കുറ്റകൃത്യങ്ങളുടെ ലോകത്തെ പെൺവഴികളിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ജോളി. എന്നാൽ ലോകത്തിന്റെ പല കോണുകളിലും ഇങ്ങനെയുള്ള കൊലപാതക പരമ്പരകൾ നടത്തിയ ഭാര്യമാരുണ്ട്. അവരിൽ ജോലിക്കാരുണ്ട്, അമ്മമാരുണ്ട്, രാഷ്ട്രീയ പ്രവർത്തകരുണ്ട്, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരുണ്ട്. അവരിൽ ചിലർ…

എമി ആച്ചർ ഗില്ലിഗൺ

എമി ആർച്ചർ ഗില്ലിഗന്റെ അമേരിക്കയിലെ കണക്റ്റിക്കട്ടിലെ വിൻഡ്സർ നഴ്‌സിംഗ് ഹോമിൽ അന്തേവാസികൾ തുടർച്ചെയായി മരിച്ചതിൽ
അതിശയോക്തി ഒന്നും ഉണ്ടായിരുന്നില്ല. കാരണം അവരുടെ ആശ്രിതരും മിക്കവരും പ്രായമായവരും രോഗികളുമായിരുന്നു.

മറ്റൊരു കാര്യം ഉണ്ടായിരുന്നത് മരിച്ചവരെല്ലാവരും തന്നെ അവരുടെ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നോമിനിയായി എമിയുടെ പേര് എഴുതി വച്ചതിന് തൊട്ടുപിന്നാലെ ആണ് മരണപ്പെട്ടത് എന്നുള്ളതാണ്. 1911-1916 നും ഇടയിൽ, കുറഞ്ഞത് 48 പേർ മരിച്ചു. എമി ആർച്ചർ ഗില്ലിഗന്റെ ഭർത്താവ് ഉൾപ്പെടെ.

അവരുടെ ആശ്രിതരിൽ ഒരാൾക്ക് സംശയം തോന്നുകയും പ്രാദേശിക മാധ്യമ പ്രവർത്തകരെ സമീപിക്കുകയും ചെയ്തു. പിന്നീട് എമിയുടെ നഴ്സിം​ഗ് ഹോം ”കൊലപാതക ഫാക്ടറി” ആയി മാറുകയായിരുന്നു.

താമസിയാതെ, നഴ്‌സിങ് ഹോമിൽ മരിച്ചവരെ പറ്റി പൊലിസ് അന്വേഷിക്കാൻ തുടങ്ങി.അന്വേഷണത്തിൽ മൃതദേഹങ്ങളിൽ ആർസെനിക് അല്ലെങ്കിൽ സ്‌ട്രൈക്‌നൈനിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ”എലികളെ കൊല്ലാനായി” അവർ ധാരാളം ആർസെനിക് വാങ്ങിയതായി പ്രാദേശിക കടയുടമകളും സ്ഥിരീകരിച്ചു, കൂടാതെ ഭർത്താവിന് വളരെയധികം ഇൻഷുറൻസ് പോളിസികൾ അവർ എടുത്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. രണ്ടാമത്തെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്ക് വിഷം നൽകിയതിന് വൈകാതെ എമിയെ അറസ്റ്റ് ചെയ്തു.

എമി ചുരുങ്ങിയത് 20 പേരെ കൊന്നതായി സംശയിക്കപ്പെട്ടപ്പോൾ, അവരുടെ അഭിഭാഷകൻ പ്രോസിക്യൂട്ടറെ എമി ഒരു കൊലപാതകം മാത്രമാണ് ചെയ്തതെന്ന് ബോധ്യപ്പെടുത്തി,അവർ അതിന് മാത്രം ശിക്ഷിക്കപ്പെട്ടു. പക്ഷേ ഭരണകൂടം അപ്പീൽ നൽകി. എമിയെ വീണ്ടും വിചാരണ ചെയ്തു. അവർ തനിക്ക് ഭ്രാന്താണെന്ന് സമ്മതിച്ചു. പിന്നീട് കുറ്റക്കാരിയാണെന്ന് കണ്ടെത്തി എമിയെ ജയിലിലേക്കയക്കുകയാണ് ഉണ്ടായത്. ഒടുവിൽ അവരെ ഒരു മാനസിക ആശുപത്രിയിലേക്ക് മാറ്റി. അവിടെ 1962 ൽ 94ാം വയസ്സിൽ അവർ മരിച്ചു. എമി ആച്ചർ ഗില്ലിഗന്റെ ഇരുണ്ട ചരിത്രം പിന്നീട് നാടകത്തിനും (ആർസെനിക് ആൻഡ് ഓൾഡ് ലേസ്) സിനിമക്കും പ്രചോദനമായി.

മേരി എലിസബത്ത് വിൽസൺ

1955നും 1957 നും ഇടയിൽ ഇം​ഗ്ലണ്ടിലെ മേരി എലിസബത്ത് വിൽസണ് തന്റെ നാല് ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു. “വിൻ‌ഡി നൂക്കിലെ സന്തോഷവതിയായ വിധവ” എന്ന പദവി അവർ സ്വന്തമാക്കി. അവരുടെ ചില വിവാഹങ്ങൾ ഏതാനും ആഴ്ചകൾ മാത്രമേ നീണ്ടുനിന്നുവെങ്കിലും അവർക്ക് ആ സമയം ധാരാളമായിരുന്നു.ഭർത്താക്കൻമാരുടെ ഭൂസ്വത്തുക്കളുടെ അവകാശിയായി സ്വയം സ്ഥാപിക്കുക, ഓരോ ഭർത്താവിന്റെ മരണത്തിന് ശേഷവും പണം അവകാശപ്പെടുത്തുക. ഇതായിരുന്നു മേരിയുടെ രീതി.

ഈ “ സന്തോഷവതിയായ വിധവ”യെക്കുറിച്ച് ആളുകൾ സംശയം തോന്നിയതിൽ അതിശയിക്കാനില്ല, മേരിയുടെ നിരവധി വിവാഹ സൽക്കാരങ്ങളിലെന്നിൽ ഒരു സുഹൃത്ത് അവരോട് ചോദിച്ചു: “ഈ സാൻ‌ഡ്‌വിച്ചുകളും കേക്കുകളും നമ്മളെന്ത് ചെയ്യും?” മേരിയുടെ മറുപടി: “നമ്മൾ അവ ശവസംസ്കാരത്തിനായി സൂക്ഷിക്കും.”

അവരുടെ പ്രവൃത്തികളെക്കുറിച്ച് പൊലിസിന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. മൃതദേഹങ്ങൾ പുറത്തെടുത്ത് കീടനാശിനി
അടങ്ങിയിരിക്കുന്നതായി പൊലിസ് കണ്ടെത്തി. രണ്ട് ഭർത്താക്കന്മാരെ കൊന്ന കുറ്റത്തിന് 1958 ൽ മേരിക്ക് വധശിക്ഷ വിധിച്ചു. (കടപ്പാട്: ബിബിസി)

ഇംഗ്ലണ്ടിൽ തൂക്കുകയർ വിധിക്കപ്പെട്ട അവസാന വനിതയായിരുന്നു മേരി. പിന്നീട് അവരുടെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. നാല് വർഷത്തിന് ശേഷം, 1963 ൽ 70 വയസിൽ മേരി എലിസബത്ത് വിൽസൺ മരിച്ചു.

ബെറ്റി ലൂ ബീറ്റ്‌സ്

തന്റെ രണ്ടാമത്തെ ഭർത്താവിനെ വെടി വച്ച ബെറ്റി ലൂ ബീറ്റ്‌സ് പക്ഷേ അയാളെ കൊന്നില്ല. പക്ഷെ അവർ നാലാമത്തെയും അഞ്ചാമത്തെയും ഭർത്താക്കന്മാരെ അവർ കൊന്നു.

1983 ഓഗസ്റ്റിൽ, ബെറ്റിയുടെ അഞ്ചാമത്തെ ഭർത്താവായ ജിമ്മി ഡോൺ ബീറ്റ്‌സിനെ കാണാതായതായി അറിയിക്കുന്നു.പിന്നീട് അയാളുടെ ബോട്ട് അടുത്തുള്ള തടാകത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അയാൾ മുങ്ങിമരിച്ചതായി പൊലിസ് നിഗമനത്തിലെത്തുന്നു.

രണ്ട് വർഷത്തിന് ശേഷം, ബെറ്റിയുടെ മകൻ മുന്നോട്ട് വന്ന് മൃതദേഹം കുഴിച്ചിടാൻ അമ്മയെ സഹായിച്ചതായി സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ ഭർത്താവിന്റെ മൃതദേഹം ഒളിപ്പിച്ചതായി കണ്ടെത്തി, മാത്രമല്ല അവളുടെ നാലാമത്തെ ഭർത്താവ് ഡോയൽ വെയ്ൻ ബാർക്കറുടെ ശരീരാവശിഷ്ടങ്ങൾ വീടിന്റെ മുറ്റത്ത് ഷെഡിനടിയിൽ കുഴിച്ചിട്ടതായും കണ്ടുപിടിച്ചു. രണ്ടുപേർക്കും തലയുടെ പിന്നിൽ നിരവധി തവണ വെടിയേറ്റിട്ടുണ്ടായിരുന്നു.

ഇൻഷുറൻസ് പണത്തിനായാണ് ബെറ്റി തന്റെ അഞ്ചാമത്തെ ഭർത്താവിനെ കൊന്നത് എന്ന് പോലീസ് കരുതി എന്നാൽ തർക്കത്തിനിടെ തന്റെ മകൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നും അവനെ സംരക്ഷിക്കാനായി മൃതദേഹം കുഴിച്ചിട്ടതായും ബെറ്റി പൊലിസിനോട് പറഞ്ഞു. മൃതദേഹം നീക്കം ചെയ്യാൻ അമ്മയെ സഹായിച്ചെന്ന് ബെറ്റിയുടെ മകനും മകളും വിചാരണയിൽ അവർക്കെതിരെ സാക്ഷി പറഞ്ഞു. ഭർത്താവ് ജിമ്മി ഡോൺ ബീറ്റ്സിന്റെ കൊലപാതകത്തിൽ ബെറ്റി കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി അവർക്ക് വധശിക്ഷ വിധിച്ചു.

ശിക്ഷിക്കപ്പെട്ടതിന് ശേഷം, അഞ്ച് വയസ്സുള്ളപ്പോൾ ആദ്യം ബലാത്സംഗം ചെയ്യപ്പെട്ടന്നും ഭർത്താക്കന്മാർ അവരെ ദുരുപയോഗം ചെയ്‌തെന്നും ബെറ്റി ആരോപിച്ചു.അവളുടെ ജീവിതകാലം മുഴുവൻ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടതിനാൽ ഗാർഹിക പീഡന വിരുദ്ധ അഭിഭാഷകർ അന്നത്തെ ടെക്‌സസ് ഗവർണർ ജോർജ്ജ് ഡബ്ല്യു ബുഷിനോട് വധശിക്ഷ നിർത്തണമെന്ന് ആവശ്യപ്പെട്ടു.അദ്ദേഹം ആ ആവശ്യം നിരസിച്ചു. 2000 ഫെബ്രുവരിയിൽ 62 വയസ്സുള്ള മുത്തശ്ശിയുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടു.

ചിസാക്കോ കകേഹി

ജപ്പാനിൽ ഇന്നുവരെ ഉള്ളതിൽ വച്ച് ഏറ്റവും കുപ്രസിദ്ധയായ കറുത്ത വിധവയാണ് ചിസാക്കോ കകേഹി. താൻ നിരപരാധിയാണെന്ന് ഇപ്പോഴും അവർ തറപ്പിച്ച് പറയുന്നു. ഒരു സീരിയൽ കില്ലർ അല്ലെന്നും ‘വിധി മൂലം നശിച്ചു’ എന്നും അവകാശപ്പെടുന്നു. ‘ക്യോട്ടോയിലെ കറുത്ത വിധവ’യെന്നാണ് ഇവരറിയപ്പെടുന്നത്. ജാപ്പനീസ് അധികാരികളുടെ അഭിപ്രായത്തിൽ, 1994-2013നും ഇടയിൽ തനിക്ക് അടുപ്പമുള്ളവരോ തന്നെ കല്യാണം കഴിച്ചവരോ ആയ എട്ട് ആളുകളെ കകേഹി കൊലപ്പെടുത്തി, ഏഴ് മില്യൺ ഡോളറിന്റെ ഇൻഷൂറൻസ് തുക കൈപറ്റി.

ചിസാക്കോയുടെ രണ്ട് പങ്കാളികളുടെ മരണങ്ങൾ സ്വാഭാവിക കാരണങ്ങളാൽ ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു- ഒരാൾ ഹൃദയാഘാതം മൂലവും മറ്റൊരാൾ ക്യാൻസർ ബാധിച്ചും. പക്ഷേ സയനൈഡിന്റെ അംശം ചിസാക്കോയുടെ പുതിയ വരന്റെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയപ്പോൾ ആവർത്തിച്ചുള്ള ഇവരുടെ വൈധവ്യം പൊലിസ് വളരെ സംശയ ദൃഷ്ടിയോടെ കാണാൻ തുടങ്ങി.

2013ൽ ഭർത്താവ് ഐസാവോ കകേഹിയെ (75) കൊലപ്പെടുത്തിയ കേസിൽ ചിസാക്കോക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു ഭർത്താവ് മസനോരി ഹോണ്ട  വിഷം അകത്ത് ചെന്നതിന് ശേഷം മോട്ടോർ സൈക്കിൾ അപകടത്തിൽ മരിച്ചു. 2007-ൽ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ 78 വയസുള്ള കാമുകന്റെ പാനീയത്തിൽ ഹൈഡ്രോസയാനിക് ആസിഡ് തെറിപ്പിച്ചുവെന്നാരോപിച്ച് ചിസാക്കോക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

പിന്നീട് ചിസാക്കോയുടെ വീടിനടുത്തുള്ള ഒരു റീസൈക്ലിംഗ് സെന്ററിൽ ചെടിപ്പാത്രത്തിനകത്ത് ചെറിയ ബാഗിൽ സയനൈഡ് സംയുക്തങ്ങൾ പൊലീസ് കണ്ടെത്തി. പക്ഷെ എങ്ങനെ ആളുകളെ കൊല്ലണമെന്ന് തനിക്ക് അറിയില്ലെന്ന് കകേഹി അവകാശപ്പെടുന്നു. പക്ഷെ പൊലിസ് അവരെ വിശ്വസിക്കുന്നില്ല.

എവ്ലിൻ ഡിക്ക്

സുന്ദരിയായ എവ്ലിൻ ഡിക്ക് ഒരു കൊലയാളിയാണെന്ന് ആരും സമ്മതിക്കില്ല, പക്ഷെ ‘ടോർസോ കില്ലർ’ എന്ന പേരിൽ ഇവർ കുപ്രസിദ്ധി നേടി. ഒന്റാറിയോയിലെ ഹാമിൽട്ടണിന് പുറത്ത് കാട്ടിൽ കുറച്ച് കുട്ടികൾ കറങ്ങാനായി പോയപ്പോൾ കൈകാലുകളും തലയുമില്ലാത്ത ഒരു ഉടൽ കണ്ടത്തി. ജോൺ ഡിക്കിന്റെതായിരുന്നു അത്. എവ്ലീനുമായി ജോണിന്റെ വിവാഹം കഴിഞ്ഞ് ആറുമാസത്തിൽ താഴെ ആയിരുന്നുള്ളൂ. ഇരുവരും അതിനകം തന്നെ വേർപിരിയലിന്റെ വക്കിലായിരുന്നു. മാഫിയകളെയും കാമുകന്മാരെയും കുറിച്ച് എവ്ലിൻ പറഞ്ഞ വിചിത്രമായ കഥകൾ അന്വേഷണഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. കൂടാതെ അവളുടെ പിതാവും കാമുകനും കൂട്ടുപ്രതികളായി.

എവ്ലിൻ ഡിക്കിന്റെ വിചാരണ പിന്നീട് ഒരു മീഡിയ സർക്കസായി മാറി. കാനഡയിലുടനീളം പ്രധാനവാർത്തകളിൽ അവരുടെ അവിഹിതകഥകൾ നിറഞ്ഞു. ശക്തരായ, ധനികരായ, വിവാഹിതരായ നിരവധി പുരുഷന്മാരുടെ ഒപ്പമുള്ള എവ്ലിന്റെ കഥകൾ പുറത്തുവന്നു. സമൂഹത്തിലെ ഉന്നതരുമായി ബന്ധം ഉണ്ടായിരുന്നിട്ടും 1946ൽ എവ്ലിൻ ഡിക്കിന് കൊലപാതകക്കുറ്റം ചുമത്തി കോടതി വധശിക്ഷ വിധിച്ചു.

പിന്നീട് അവർ കുറ്റവിമുക്തയാക്കപ്പെട്ടുവെങ്കിലും കുറച്ച് കാലത്തിന് ശേഷം, ജോൺ ഡിക്കിന്റെ മൃതദേഹം വീടിന്റെ അടിത്തട്ടിൽ വെട്ടിമാറ്റി ശരീരഭാഗങ്ങൾ ചൂളയിൽ ഇട്ട് കത്തിക്കാൻ ആണ് താൻ സഹായിച്ചതെന്ന് എവ്‌ലിന്റെ പിതാവ് മൊഴി നൽകി.

ശേഷം പൊലിസ് എവ്ലിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ സിമന്റിൽ ഒരു സ്യൂട്ട്കേസിൽ പൊതിഞ്ഞ് ഒരു കുട്ടിയുടെ സ്റ്റഫ് ചെയ്ത മൃതദേഹം കണ്ടെത്തി. അത് ഡിക്കിന്റെ സ്വന്തം മകനായിരുന്നു. കുഞ്ഞിന്റെ കൊലപാതക വിചാരണയിൽ, ജഡ്ജിയുടെ സ്വന്തം മകൻ ഉൾപ്പെടെ 150 ഓളം പുരുഷന്മാരുമായി അവർ കിടക്ക പങ്കിട്ടതായി പുറത്ത് വന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 11 വർഷത്തിന് ശേഷം 1958ൽ ജയിൽ മോചിതയായി.

അറസ്റ്റിന് ശേഷം എവ്ലിൻ ഡിക്ക് അപ്രത്യക്ഷയായി. അവരുടെ കഥ രണ്ട് പുസ്തകങ്ങളുടെ രൂപത്തിലും ചലച്ചിത്രങ്ങളായും പാട്ടായും പുറത്തിറങ്ങി.

സ്റ്റേസി കാസ്റ്റർ

‘ആന്റിഫ്രീസ്’ സ്റ്റേസി കാസ്റ്ററിന് ഇഷ്ടപ്പെട്ട ആയുധമായിരുന്നു. ആദ്യ ഭർത്താവ് മൈക്കൽ വാലസിനെ വെറും 17 വയസ്സുള്ളപ്പോൾ അവർ കണ്ടുമുട്ടി. ഏതാനും വർഷങ്ങൾക്കുശേഷം അവർ വിവാഹിതരായി, രണ്ട് പെൺമക്കളുണ്ടായിരുന്നു. പിന്നീട്, അവരുടെ ദാമ്പത്യബന്ധം തകർന്നപ്പോൾ, മൈക്കലിന് ഒരു അസുഖം വന്നു.അയാൾ 2000-ൽ ഒരു ദുരൂഹ രോഗത്തെ തുടർന്ന് മരിച്ചു.ഡോക്ടർമാർ ഇതിനെ ഹൃദയാഘാതം എന്ന് വിധിയെഴുതി. പക്ഷേ മൈക്കലിന്റെ കുടുംബത്തിന് മരണത്തെ പറ്റി സംശയങ്ങളുണ്ടായിരുന്നു.

2003 ൽ സ്റ്റേസി ഡേവിഡ് കാസ്റ്ററിനെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിന് ശേഷം, ഒരു തർക്കത്തെ തുടർന്ന് ഭർത്താവ് കിടപ്പ് മുറിയിൽ വാതിലടച്ച് ഇരിക്കുകയാണെന്നും അവർക്ക് അതിൽ ആശങ്കയുണ്ടെന്നും സ്റ്റേസി പൊലിസിനെ വിളിച്ച് പറഞ്ഞു. വാതിൽ തകർത്ത് മുറിയിൽ കയറിയപ്പോൾ ഡേവിഡ് കാസ്റ്റർ ഒരു കുപ്പി ആന്റിഫ്രീസ് ഉപയോഗിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

സ്റ്റേസി അവരുടെ ആദ്യത്തെ ഭർത്താവിന്റെ മൃതദേഹത്തിനടുത്തായി രണ്ടാം ഭർത്താവിനെ അപ്‌സ്റ്റേറ്റ് ന്യൂയോർക്ക് സെമിത്തേരിയിൽ അടക്കം ചെയ്തു. പിന്നീട് പൊലിസിന് സ്റ്റേസി തന്റെ ആദ്യ ഭർത്താവിന് വിഷം നൽകി എന്നതിന് തെളിവ് ലഭിച്ചു. അവർ വാലസിന്റെ ശരീരം പുറത്തെടുക്കുകയും ആന്റിഫ്രീസ് വിഷത്തിന്റെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.

പൊലിസ് ഇടപെട്ടപ്പോൾ സ്റ്റേസി കാസ്റ്റർ പരിഭ്രാന്തയായി. 20 വയസുള്ള മകൾ ആഷ്ലി വാലസിനെ കൊലപാതകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.തന്റെ രണ്ട് ഭർത്താക്കന്മാർക്കും വിഷം കൊടുത്ത സ്റ്റേസി കുറ്റം തന്റെ മകളുടെ തലയിലാക്കാൻ ശ്രമിച്ചു. സ്വന്തം മകളെ മയക്ക് മരുന്ന് ഉപയോഗിച്ച് കോമയിലാക്കിയ ശേഷം കുറ്റങ്ങൾ മകളാണ് ചെയ്തതെന്ന രീതിയിൽ മകളുടെ ആത്മഹത്യാക്കുറിപ്പ് ഉണ്ടാക്കി. പൊലിസ് അത് വിശ്വാസത്തിലെടുത്തില്ല, ഡേവിഡിനെ കൊലപ്പെടുത്തിയതിനും ആഷ്ലിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും സ്റ്റേസി അറസ്റ്റിലായി. 51 വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 2016ൽ ജയിലിൽ വച്ച് മരിച്ചു.

കാതറിൻ നെെറ്റ്

പുരുഷന്മാർക്കെതിരായ അക്രമത്തിന്റെ ഒരു നീണ്ട ചരിത്രമുള്ള ഓസ്‌ട്രേലിയക്കാരിയാണ് കാതറിൻ നൈറ്റ്. ഈ ‘ഓസ്ട്രേലിയൻ കശാപ്പുകാരി’ തന്റെ ആദ്യ ഭർത്താവായ ഡേവിഡ് കെല്ലറ്റിനെ ആദ്യരാത്രി കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചതാണ് തുടക്കം. പിന്നീട് മകളെ ഗർഭിണിയായിരിക്കുമ്പോൾ, അവർ ഭർത്താവിന്റെ വസ്ത്രങ്ങൾ കത്തിച്ച് തലയിൽ വറചട്ടി ഉപയോഗിച്ച് അടിച്ചു. ഒടുവിൽ അയാൾ അവരെ ഉപേക്ഷിച്ചു.

പിന്നീട് കാതറിൻ, ഡേവിഡ് സോണ്ടേഴ്‌സ് എന്ന മറ്റൊരു പുരുഷനൊപ്പമായി. ഒരു മുന്നറിയിപ്പായി അവൾ ഡേവിഡിന്റെ നായ്ക്കുട്ടിയെ അയാളുടെ മുൻപിൽ വച്ച് കൊന്നു പിന്നീട് ഒരു തർക്കത്തിനിടെ കാതറിൻ കത്രിക ഉപയോഗിച്ച് വയറ്റിൽ കുത്തുന്നത് വരെ അയാൾ കാതറിനെ ഉപേക്ഷിച്ചിട്ടില്ലായിരുന്നു.

2001 ഒക്ടോബറിൽ കാതറിൻ തന്റെ പുതിയ കാമുകൻ ജോൺ പ്രൈസിനെ അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 37 തവണ ക്രൂരമായി കുത്തി കൊന്നു. അവർ അയാളുടെ തൊലിയുരിച്ചു, മാംസം കൊളുത്തിൽ നിന്ന് കെട്ടിത്തൂക്കി അരിഞ്ഞത് ശരീരഭാഗങ്ങൾ പാചകം ചെയ്യാൻ തുടങ്ങി. കാതറിൻ ഭീമാകാരമായ അത്താഴവിരുന്ന് തയ്യാരാക്കി.

ഇതുപോലൊന്ന് സംഭവിക്കുമെന്ന് ജോണിന് ആശങ്കയുണ്ടായിരുന്നു. അടുത്ത ദിവസം ജോലിസ്ഥലത്ത് വന്നില്ലെങ്കിൽ കാതറിൻ തന്നെ കൊന്നുവെന്ന് വിചാരിച്ചാൽ മതിയെന്ന് അയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അദ്ദേഹം ജോലിക്ക് വരാഞ്ഞപ്പോൾ അവർ പോലീസിനെ വിളിച്ചു.

പൊലിസ് കാതറിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ ജോണിന്റ തല ഒരു കലത്തിൽ കണ്ടു, കുറച്ച് പച്ചക്കറികളും സ്റ്റൗവിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു. കാതറിനെ ഉടൻ അറസ്റ്റ് ചെയ്തു. അവർ ഇപ്പോൾ ”ഓസ്ട്രേലിയയിലെ ഏറ്റവും കുപ്രസിദ്ധ മനോരോഗി” എന്നറിയപ്പെടുന്നു, ഓസ്ട്രേലിയൻ ചരിത്രത്തിൽ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആദ്യ വനിതയായി കാതറിൻ നൈറ്റ്. ഇവരുടെ ജീവിതവും കുറ്റകൃത്യങ്ങളും ഇപ്പോൾ സിനിമ ആയി ഒരുങ്ങുന്നു.

ബെറ്റി ന്യൂമർ

ബെറ്റി ന്യൂമാറിന്റെ അഞ്ച് ഭർത്താക്കന്മാരുടെയും മരണം നിഗൂഢമാണ്. വിവാഹമോചനത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം 1970ൽ അവരുടെ ആദ്യ ഭർത്താവിന്റെ തലക്ക് അവർ വെടി വച്ചപ്പോൾ അത് ഒരു നരഹത്യയായി വിധിക്കപ്പെട്ടുവെങ്കിലും അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

1950കളുടെ മധ്യത്തിൽ, അവരുടെ രണ്ടാമത്തെ ഭർത്താവിന്റെ മരണം ഒരു ദുരൂഹതയായി. പിന്നീട് 1965 ൽ, അവരുടെ മൂന്നാമത്തെ ഭർത്താവ് സ്വയം വെടി വച്ച് മരിച്ചു. അവരുടെ നാലാമത്തെ ഭർത്താവ് ഹരോൾഡ് ജെൻട്രി 1986ൽ വീട്ടിൽ വെച്ച് വെടിയേറ്റ് മരിച്ചു. 2007 ൽ അവളുടെ അഞ്ചാമത്തെ ഭർത്താവ് മരിച്ചപ്പോൾ പൊലിസ് വിഷം കഴിച്ചിട്ടാണോ മരണം എന്ന് അന്വേഷിച്ചു. പക്ഷെ ന്യൂമാറിന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നും കണ്ടെത്താനായില്ല. കണ്ടെത്തലിനോട് ഭർത്താവിന്റ കുടുംബം യോജിച്ചില്ല. ബെറ്റിയുടെ മകനും 1985ൽ ആത്മഹത്യ ചെയ്തു. അന്ന് മകന്റെ 10,000 ഡോളറിന്റെ ലൈഫ് ഇൻഷുറൻസ് തുക ലഭിച്ചത് ബെറ്റിക്കായിരുന്നു.

നാലാമത്തെ ഭർത്താവിന്റെ മരണമാണ് പൊലിസിന് ബെറ്റിയെ സംശയിക്കാൻ ഇടകൊടുത്തത്. ബെറ്റിയാണ് ഇതിന് പിന്നിലെന്ന് ജെൻട്രിയുടെ സഹോദരന് ബോധ്യപ്പെട്ടു. കേസ് വീണ്ടും തുറക്കാൻ അയാൾ പോലീസിനോട് ആവശ്യപ്പെട്ടു. ഒടുവിൽ അവർ 2007 ൽ അഞ്ചാമത്തെ ഭർത്താവിനെ കൊല്ലാൻ ഹിറ്റ്മാൻമാരെ നിയമിച്ചതിനാണ് ബെറ്റിക്കെതിരെ കേസെടുത്തത്. പൊലിസ് അവരെ പറ്റി അന്വേഷിച്ചപ്പോൾ കൂടുതൽ രഹസ്യങ്ങൾ കണ്ടെത്തപ്പെട്ടു. ബ്യൂട്ടിഷ്യനും ബസ് ഡ്രൈവറും ആയി ജോലി ചെയ്ത ബെറ്റി ന്യൂമാറിന് ഒന്നിലധികം ഡ്രൈവിംഗ് ലൈസൻസുകൾ, രഹസ്യ ബാങ്ക് അക്കൗണ്ടുകൾ, മറ്റ് ആളുകളുടെ പേരുകളിൽ പാസ്പോർട്ടുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉണ്ടായിരുന്നു.

അവരെ വിചാരണ ചെയ്യുന്നതിന് മുമ്പ്, ഭൂതകാലത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് മുമ്പ് ബെറ്റി ന്യൂമർ 2011ൽ ക്യാൻസർ ബാധിച്ച് മരിച്ചു. 79 വയസ്സായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here