‘പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ കേസെടുത്തതിന് ഇവിടെ കുറച്ച് പേർക്ക് ചൊറിച്ചിൽ’ : നിലവാരം കുറഞ്ഞ പരാമർശവുമായി സുരേഷ് ഗോപി

‘പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ ബിഹാറിൽ കേസെടുത്തതിന് ഇവിടെ കുറേ പേർക്ക് ചൊറിച്ചിൽ’ (യഥാർത്ഥത്തിൽ ഉപയോഗിച്ചത് മറ്റൊരു വാക്കായിരുന്നു) എന്ന് സുരേഷ് ഗോപി. വട്ടിയൂർക്കാവിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോട് അനുബന്ധിച്ച് കുടുംബയോഗത്തിൽ സംസാരിക്കവയെയായിരുന്നു സുരേഷ് ഗോപിയുടെ നിലവാരം കുറഞ്ഞ പരാമർശം.
ഉത്തരേന്ത്യയിൽ ദളിതരെ കൊല്ലുന്നെന്ന് പറഞ്ഞ് ഇവിടെ ചിലർ കാട്ടാളക്കണ്ണീരൊഴുക്കുന്നുവെന്നും ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോൾ എന്തേ ഈ തിളപ്പ് ഇല്ലാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. ഷുഹൈബ് ദളിതനല്ലാത്തത് കൊണ്ടാണോ ഇതെന്നും താൻ ജാതി പറയുകയല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read Also : പ്രധാനമന്ത്രിക്കെതിരെ കത്തയച്ച 49 പ്രമൂഖർക്കെതിരെയുള്ള രാജ്യദ്രോഹകേസ് പിൻവലിച്ചു
യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് രമേശ് ചെന്നിത്തലയുടെ വാഗ്ദാനത്തിനും സുരേഷ് ഗോപി മറുപടി പറഞ്ഞു. ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് പറഞ്ഞ് ആരെങ്കിലും വഹിക്കാൻ ഇറങ്ങുന്നുണ്ടെങ്കിൽ അത് കൈ നനയാതെ മീൻ പിടിക്കുന്ന വർഗങ്ങളാണെന്നായിരുന്നു താരത്തിന്റെ മറുപടി. ശബരിമലയിൽ യോഗ്യമായ തീരുമാനം വരിക കേന്ദ്ര സർക്കാരിൽ നിന്നാണെന്നും പ്രധാനമന്ത്രി അതിന് മുൻകൈ എടുക്കുമെന്നും, അതിന് സമയം എടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
എൻഎസ്എസിന്റെ വിയോജിപ്പ് മാറിക്കോളുമെന്നും ശരിദൂര നിലപാടിനെ സംബന്ധിച്ച് തനിക്ക് ഒന്നും പറയാൻ ഇല്ലെന്നും സുരേഷ് ഗോപി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here