Advertisement

പ്രധാനമന്ത്രിക്കെതിരെ കത്തയച്ച 49 പ്രമൂഖർക്കെതിരെയുള്ള രാജ്യദ്രോഹകേസ് പിൻവലിച്ചു

October 10, 2019
Google News 1 minute Read

ആൾ കൂട്ട കൊലപാതകങ്ങൾ ഇന്ത്യയിൽ വർദ്ധിക്കുന്നതിൽ പ്രതിക്ഷേധിച്ച് പ്രധാന മന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 കലാ- സാംസ്‌കാരിക പ്രവർത്തകർക്കെതിരെ ഉള്ള കേസ് ബീഹാർ പൊലിസ് പിൻവലിച്ചു. പരാതി വ്യാജമെന്ന് തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പൊലിസ് സ്റ്റേഷന് നിർദ്ദേശം നൽകിയതായും മുസാഫർപൂർ എസ്എസ്പി മനോജ് കുമാർ സിൻഹ പറഞ്ഞു.

കേസിന് മതിയായ തെളിവുകളില്ല.ഓഗസ്റ്റ് 20ലെ കോടതി വിധി പ്രകാരമാണ് രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര പ്രവർത്തകർ അടക്കമുള്ള 50 ഓളം പ്രമുഖർക്കെതിരെ എഫ്ഐആർ ചുമത്തിയത്.

ബിഹാറിൽ അഭിഭാഷകനായ സുധീർ കുമാർ ഓജ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂർ ഗോപാല കൃഷ്ണൻ, രേവതി, അപർണാ സെൻ, തുടങ്ങിയ 49 പ്രമുഖർക്കെതിരെ ആയിരുന്നു എഫ്ഐആർ.

കത്ത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനായും പ്രധാന മന്ത്രിയെ താഴ്ത്തി കെട്ടാൻ ശ്രമിക്കാനായും എഴുതിയതാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കത്ത് വിഘടന വാദത്തെ പിന്തുണക്കുന്നു എന്നും പരാതിയിലുണ്ടായിരുന്നു.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജൂലായിലാണ് 49 പേർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കെതിരെ നിങ്ങൾ എന്ത് നടപടി സ്വീകരിച്ചു എന്ന് കത്തിൽ ചോദിച്ചിരുന്നു.

തുടർന്ന് അടൂർ ഗോപാലകൃഷ്ണനനെതിരെ സംഘപരിവാർ ആക്രമണമുണ്ടായിരുന്നു. അടൂരിന്റെ വീട്ടിന് മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും അത് കേൾക്കെണ്ടെങ്കിൽ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്നും ഉള്ള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന വൻ കോലാഹലങ്ങൾക്ക് വഴി വെച്ചു.

എഫ്ഐആർ എടുത്ത നടപടി ആശങ്കപ്പെടുത്തുന്നതാണെന്ന് അടൂർ പ്രതികരിച്ചിരുന്നു.ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന വിശ്വാസമാണ് കത്തെഴുതാൻ പ്രേരിപ്പിച്ചത്. സാധാരണ കത്തിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here