സ്റ്റേഡിയം നിർമാണവുമായ ബന്ധപ്പെട്ട ക്രമക്കേട്; ടിസി മാത്യുവിനെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് പുറത്താക്കി

ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടിസി മാത്യുവിനെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. തൊടുപുഴയിലെ സ്റ്റേഡിയം നിർമാണവുമായ ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് നടപടി. കലൂർ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ജിസിഡിഎക്ക് കത്തു നൽകാനും കെസിഎ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
തൊടുപുഴയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് ടിസി മാത്യു രണ്ടു കോടിയിലധികം രൂപയുടെ തിരിമറി നടത്തിയെന്ന് കെസിഎ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെസിഎ ഓംബുഡ്‌സ്മാൻ വി രാംകുമാറിന്റെ ശുപാർശ പ്രകാരമാണ് മുൻ പ്രസിഡന്റു കൂടിയായ ടിസി മാത്യുവിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തത്.
പുറത്താക്കാനുള്ള ഓംബുഡ്‌സ്മാന്റെ ശുപാർശയ്ക്കതിരെ ടിസി മാത്യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനും കെസിഎ ജനറൽ ബോഡിയിൽ തീരുമാനമായി. ക്രിക്കറ്റ് മത്സരങ്ങൾക്കും സ്റ്റേഡിയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും ജിസിഡിഎക്കും കെസിഎ കത്ത് നൽകും.
ഡിസംബറിൽ കാര്യവട്ടത്ത് നടക്കുന്ന രാജ്യാന്തര ട്വന്റി-ട്വന്റി മൽസരത്തിന്റെ ടിക്കറ്റ് നിരക്കുകളും കെസിഎ പ്രഖ്യാപിച്ചു. ആയിരം രൂപയായിരിക്കും ഏറ്റവും കുറഞ്ഞ നിരക്ക്. അതേസമയം, സ്റ്റേഡിയം വിൽപ്പന നടത്താൻ നീക്കം നടക്കുന്നുവെന്ന വാർത്തകൾ മത്സരങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന് സംശയിക്കുന്നതായും കെസിഎ ഭാരവാഹികൾ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here