തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളും മാറട്ടേയെന്ന് ഹൈക്കമാന്‍ഡ്; ഇഷ്ടക്കാര്‍ക്കായി വാദിച്ച് മുതിര്‍ന്ന നേതാക്കള്‍; വഴിമുട്ടി കെപിസിസി പുനഃസംഘടന

പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കി പട്ടിക കൈമാറാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ( no decision taken for KPCC reorganization)
ഈ മാസം 10ന് പുന:സംഘടനാ പട്ടിക പ്രഖ്യാപിക്കാനായിരിക്കുന്നു കെപിസിസി നേതൃത്വത്തിലെ ധാരണ. സംസ്ഥാന നേതൃത്വം കൈമാറിയ ജംബോ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചു എന്നാണ് പ്രചരിച്ചിരുന്നതെങ്കിലും അതുമാത്രമല്ല പ്രഖ്യാപനം വൈകുന്നതിന്റെ കാരണം. ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ പ്രധാന നേതാക്കള്‍ പിടിവാശി തുടരുന്നതാണ് യഥാര്‍ഥ പ്രതിസന്ധി. കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജേന്ദ്രപ്രസാദിനെ മാറ്റരുതെന്നാണ് കൊടിക്കുന്നിലിന്റെ നിലപാട്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിനെ മാറ്റരുതെന്ന നിലപാടില്‍ കെ.സുധാകരനും എറണാകുളത്തെ മുഹമ്മദ് ഷിയാസിനെ നിലനിര്‍ത്തണമെന്ന് വി.ഡി സതീശനും ആവശ്യപ്പെടുന്നു. തിരുവനന്തപുരത്ത് ചെമ്പഴന്തി അനിലിനെ ഡി.സി.സി അധ്യക്ഷനാക്കണം എന്ന ആവശ്യത്തിലും വി.ഡി സതീശന്‍ വിട്ടുവീഴ്ച്ചക്കില്ല. കാസര്‍കോഡ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായ ബി.എം.ജമാലിനെ നിയോഗിക്കണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആവശ്യം.
നേതാക്കളുടെ ഈ കടുംപിടുത്തത്തില്‍ തട്ടിയാണ് കോണ്‍ഗ്രസ് പുന:സംഘടന വഴിമുട്ടിയിരിക്കുന്നത്. നാല് ഡിസിസി അധ്യക്ഷന്മാരെ നിലനിര്‍ത്തുന്നത് മാറുന്ന ഡിസിസി അധ്യക്ഷന്മാര്‍ക്ക് അതൃപ്തി ഉണ്ടാക്കും. ഇത് കണക്കിലെടുത്ത് തൃശൂര്‍ ഒഴികെ എല്ലാ ഡിസിസി അധ്യക്ഷന്മാരും മാറട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സംസ്ഥാനത്ത് ആലോചിച്ച് ധാരണ ഉണ്ടാക്കി പട്ടിക കൈമാറാനും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച പുനരാരംഭിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.
Story Highlights : no decision taken for KPCC reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here