കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല; തര്‍ക്കങ്ങള്‍ തുടരുന്നതായി സൂചന; അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ ഇന്ന് പ്രഖ്യാപിക്കാനിടയില്ല. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. (KPCC reorganization list may not be announced today)
ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെത്തിയ നേതാക്കള്‍ ഇപ്പോഴും ഇക്കാര്യത്തിലെ ചര്‍ച്ച തുടരുകയാണ്. ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ജംബോ പട്ടിക ചുരുക്കണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും കെപിസിസിക്ക് കീറാമുട്ടിയാണ്.
കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ നേതാക്കളില്‍ സമവായം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂണ്‍മാസത്തില്‍ ആരംഭിച്ച അനൗദ്യോക ചര്‍ച്ചകളിലൊന്നും ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ പറ്റാതെ വന്നതോടെ ചര്‍ച്ച ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
വി ഡി സതീശന്‍ എറണാകുളം ഡിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നിലപാട് കടുപ്പിച്ചതും, കണ്ണൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാര്‍ട്ടിന്‍ ജോര്‍ജിനെ മാറ്റുന്നതിനും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ തീരുമാനം കൈക്കൊള്ളാന്‍ പറ്റാതെ വരികയായിരുന്നു. എല്ലാ ജില്ലകളിലും മൂന്നോളം നേതാക്കളെ ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് വിവിധ നേതാക്കള്‍ ശിപാര്‍ശ ചെയ്യുകയും അവര്‍ക്കായി വാദിക്കുകയും ചെയ്തതോടെ പുതിയ അധ്യക്ഷന്മാരെ അന്തിമമായി തീരുമാനിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
Story Highlights : KPCC reorganization list may not be announced today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here