കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആത്മഹത്യ ചെയ്തു

കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പഴ്സണൽ അസിസ്റ്റന്റ് രമേഷ് കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ ബെംഗളൂരു സർവകലാശാല ക്യാംപസിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജുകളിൽ സീറ്റു കച്ചവടം നടന്നുവെന്ന ആരോപണത്തിൽ രമേഷിനെ ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ജി പരമേശ്വര ചെയർമാനായ മെഡിക്കൽ കോളജുകൾ സീറ്റു കച്ചവടത്തിലൂടെ നൂറ് കോടി നേടിയെന്ന ആരോപണമാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.
ഇതിന്റെ ഭാഗമായി പരമേശ്വരയുടെ വസതിയിലും സ്ഥാപനങ്ങളിലും ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആർഎൽ ജാലപ്പയുടെ വീട്ടിലും റെയ്ഡ് നടത്തി. നിയമവിരുദ്ധ ഇടപാടുകളുടെ നിർണായക രേഖകൾ റെയ്ഡുകളിൽ കണ്ടെടുത്തു. എട്ടു ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ കോടികണക്കിന് രൂപയുടെ സ്ഥിരനിക്ഷേപമുള്ളതായി വ്യക്തമായി. ഇതോടെയാണ് പരമേശ്വരയുടെ വിശ്വസ്തനായ രമേഷ് കുമാറിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.
പരമേശ്വരയുടെ വസതിയിൽ അടക്കം റെയ്ഡ് നടത്തിയതിന് ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ആദായനികുതി വകുപ്പിന്റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.പ്രതിപക്ഷ ആരോപണം ശക്തമായതോടെ വിശദീകരണവുമായി ആദായനികുതി വകുപ്പ് രംഗത്തെത്തി. രമേഷിനെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here