മാത്യു മഞ്ചാടിയിലിന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട്

മാത്യു മഞ്ചാടിയിലിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നു എന്ന് ദൃക്‌സാക്ഷിയായ ആസിയ. സയനേഡിന്റെ അംശം ശരീരത്തിലെത്തിയതിനെ തുടർന്ന് വലിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന മാത്യുവിന്റെ വീട്ടിലേക്ക് അളുകൾ ഓടിക്കൂട്ടുന്നത് കണ്ടാണ് ആസിയയും അവിടെയെത്തുന്നത്.
മാത്യുവിന് അറ്റാക്കാണെന്നും ഭാര്യ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഇവിടെയെത്തിയതെന്നും ജോളി പറഞ്ഞ് വിശ്വസിപ്പിച്ചു.തുടരെ ഛർദ്ദിച്ചുകൊണ്ടിരുന്ന മാത്യുവിന് സമീപത്തേക്ക് ജോളി വന്നതേയില്ല.മദ്യപിച്ചിരുന്നതിന്റെ ലക്ഷണങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോൾ ജോളി തെല്ലും അസ്വസ്ഥയായിരുന്നില്ല.
Read also: കൂടത്തായി കൊലപാതക പരമ്പര പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ലോകനാഥ് ബെഹ്റ
കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ മരണമായിരുന്നു ജോളിയുടെ മുൻ ഭർതൃമാതാവായ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലിന്റെത്. അതേസമയം മാത്യുവിന്റെ മരണത്തിലെ അന്വേഷണ സംഘം ഇന്നും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ചോദ്യം ചെയ്യാനുള്ളവരുടെ വിശദമായ പട്ടിക അന്വേഷണ സംഘം തയാറാക്കി.
ആദ്യം വീട്ടിലേക്ക് ഓടിയെത്തിയവരിൽ ഒരാളായിരുന്നു ആസിയ. താൻ വീട്ടിലേക്കെത്തുമ്പോൾ മാത്യു ചർദ്ദിക്കുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. വായിൽ നിന്ന് നുരയും വന്നിരുന്നു. ഇത് താൻ നേരിൽ കണ്ടിരുന്നുവെന്നും നാട്ടുകാർ ചേർന്നാണ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചതെന്നും അയൽക്കാരിയും മാത്യുവിന്റെ മരണത്തിന്റെ ദൃക്‌സാക്ഷിയുമായ ആസിയ ട്വന്റിഫോറിനോട് പറഞ്ഞു.ജോളി ഹാർട്ട് അറ്റാക്കെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചു.
ജോളി അതിന് തൊട്ടുമുമ്പ് വരെ താൻ അവിടെ ഉണ്ടായിരുന്നതായി ആസിയയോട് പറഞ്ഞിരുന്നു. മാത്യു ചൂണ്ടിക്കാണിക്കുമെന്ന് പേടിച്ചിട്ടായിരിക്കും അവർ അവിടെ നിന്ന് പോയത് എന്നും ആസിയ കൂട്ടിച്ചേർത്തു.
മാത്യുവിന്റെ മരണത്തിൽ അസ്വഭാവികതകൾ അന്ന് തന്നെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജോളി കുറ്റം സമ്മതിച്ച നിലക്ക് കൊലപാതകം ശാസ്ത്രീയമായി തെളിയിക്കുകയാണ് ഇനി അന്വേഷണ സംഘത്തിന്റെ ലക്ഷ്യം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here