‘കാലുവാരി’ സ്‌നേഹ പ്രകടനം; ബാലന്‍സ് തെറ്റി വീണ് രോഹിത് ശര്‍മ

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയ ആരാധകന്‍ രോഹിത് ശര്‍മയ്ക്കരികിലേക്ക് ഓടിയെത്തുന്നതും കാലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും നിലതെറ്റി വീഴുന്നതിന്റേതുമാണ് ചിത്രം.
സെനുരന്‍ മുത്തുസ്വാമി ഔട്ടായി വെര്‍നന്‍ ഫിലാന്‍ഡര്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്ന സമയം കൊണ്ടാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയതും രോഹിത് ശര്‍മയുടെ അടുത്തെത്തിയതും.
ഈ സമയം കമന്ററി പാനലിലുണ്ടായിരുന്ന സുനില്‍ ഗാവസ്‌കര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണികളെ ശ്രദ്ധിക്കാതെ കളി കണ്ടുകൊണ്ടിരിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സ്ഥിരമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്പം കൂടി ശ്രദ്ധിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കിടെ ഇത് മൂന്നാം തവണയാണ് ആരാധകര്‍ ഗ്രൗണ്ടിലെത്തി താരങ്ങളുടെ അടുത്ത് സ്‌നേഹപ്രകടനം നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here