റിയാദ് മെഡിക്കൽ സെന്ററിൽ മാമോഗ്രഫി സർവീസിന് തുടക്കമിട്ടു

അബീർ മെഡിക്കൽ സെന്റർ റിയാദ് ശുമേസി ശാഖയിൽ മാമോഗ്രഫി സർവീസ് ആരംഭിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ഒസാഫ് സഈദിന്റെ പത്നി ഫർഹ സഈദ് ഉദ്ഘാടനം നിർവഹിച്ചു.
റിയാദിൽ ആദ്യമായാണ് മെഡിക്കൽ സെന്ററിൽ മാമോഗ്രഫി സർവീസ് ആരംഭിക്കുന്നത്. ബ്രസ്റ്റ് കാൻസർ ക്രമാതീതമായി വർധിച്ച് വരുന്ന കാലത്ത് രോഗ ലക്ഷണങ്ങൾ പ്രാഥമിക ഘട്ടത്തിൽ കണ്ടെത്തി പൂർണമായും ചികിത്സിച്ച് ഭേദമാക്കാം. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രം ലഭ്യമായ സേവനം സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മാമോഗ്രാം അബീർ മെഡിക്കൽ സെന്ററിന്റെ ഷുമൈസി ശാഖയിൽ പ്രവർത്തനം തുടങ്ങിയത്. അന്താരാഷ്ട്ര സ്തനാർബുദ മാസത്തിൽ ഇതിന് നേതൃത്വം നൽകിയ അബീർ മെഡിക്കൽ ഗ്രൂപ്പിനെ അഭിനന്ദിക്കുന്നതായി ഫർഹ സഈദ് പറഞ്ഞു.
മാമോഗ്രാം മെഷീന്റെ പ്രവർത്തനങ്ങൾ ഡോ ബുഷ്റ ജമീൽ വിശദീകരിച്ചു. മാമോഗ്രഫി സർവീസിനുളള 250 റിയാലിന്റെ ഡിസ്‌കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനവും നടന്നു. മാമോഗ്രഫി സൗകര്യമുള്ള സൗദി അറേബ്യയിലെ എല്ലാ അബീർ മെഡിക്കൽ സെന്ററുകളിലും ഈ ഓഫർ ലഭ്യമാണ്. ബോധവൽക്കരണ സിഗ്നേചർ കാമ്പയിൻ, സ്വയം രോഗനിർണയം നടത്തുന്നതിനുളള പരിശീലനം എന്നിവ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുമെന്നും അബീർ മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here