വാലറ്റം പൊരുതുന്നു; രണ്ട് വിക്കറ്റുകൾ മാത്രം അവശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ഫോളോ ഓൺ ഒഴിവാക്കാൻ വേണ്ടത് 200 റൺസ്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഫോളോ ഓണിലേക്ക്. രണ്ട് വിക്കറ്റുകൾ മാത്രം അവശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ഫോളോ ഓൺ ഒഴിവാക്കാൻ 200 റൺസ് കൂടി വേണം. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടുകയായിരുന്നു.
മൂന്നു വിക്കറ്റിന് 36 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഏറെ വൈകാതെ തന്നെ നൈറ്റ് വാച്ച്മാൻ ആൻറിച് നോർദേയെ നഷ്ടമായി. നോർദെയെ കോലിയുടെ കൈകളിലെത്തിച്ച ഷമി മൂന്നാം ദിവസത്തിലെ ആദ്യ വിക്കറ്റ് കുറിച്ചു. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന് മനോഹരമായി ബാറ്റ് ചെയ്ത തിയൂനിസ് ഡിബ്രുയിനായിരുന്നു അടുത്ത ഇര. ഡിബ്രുയിനെ ഉമേഷിൻ്റെ പന്തിൽ സാഹ കൈപ്പിടിയിലൊതുക്കി.
ആറാം വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും ക്വിൻ്റൺ ഡികോക്കും ഒരുമിച്ചു. 53/5 എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 75 റൺസാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ക്വിൻ്റൺ ഡികോക്കിനെ (31) ക്ലീൻ ബൗൾഡാക്കിയ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സേനുരൻ മുത്തുസാമിയെ (7) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ മത്സരത്തിൽ തൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി.
മനോഹരമായി ബാറ്റ് ചെയ്ത ക്യാപ്റ്റൻ ഫാഫ് കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക കടുത്ത പ്രതിസന്ധിയിലായി. 64 റൺസെടുത്ത ഡുപ്ലെസിയെ അശ്വിൻ്റെ പന്തിൽ രഹാനെ പിടികൂടുകയായിരുന്നു.
ഒൻപതാം വിക്കറ്റിൽ വെർണോൺ ഫിലാണ്ടറും കേശവ് മഹാരാജും വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ച് നിൽക്കുകയാണ്. ഇരുവരും ചേർന്ന് 35 റൺസ് സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തു. ഫിലാണ്ടർ 23 റൺസും മഹാരാജ് 21 റൺസും എടുത്ത് പുറത്താവാതെ നിൽക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here