ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുപോലെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാവും ശബരിമലയിലും: സുരേഷ് ഗോപി

ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല താന്‍ പ്രചാരണ വിഷയമായി ഉന്നയിക്കില്ലെന്ന് സുരേഷ് ഗോപി എംപി. ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് കേന്ദ്രത്തിനറിയം. കശ്മിരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുപോലെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരിക്കും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി പ്രതികരണം നടത്തിയത്.
സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമാവുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഈയൊരു മണ്ഡലത്തില്‍ ശബരിമല വിഷയം എത്രത്തോളം സ്വാധീനം ചെലുത്തും എന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. താന്‍ ഇത്തരമൊരു വിഷയം പ്രചാരണത്തില്‍ ഉന്നയിക്കില്ല.
വിഷയത്തില്‍ വ്യക്തമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. അത് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യവുമുണ്ട്. അതുകൊണ്ടാണ് രണ്ടാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇവിടെ കോണ്‍ഗ്രസും എല്‍ഡിഎഫും പറയുന്നതുപോലെയുള്ള തട്ടിക്കൂട്ട് നിയമങ്ങളില്‍ വിശ്വസിക്കാനാണ് ആളുകള്‍ പോവുന്നതെങ്കില്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. വ്യക്തമായ നിലപാട് കേന്ദ്രത്തിനുണ്ട്. അത് സ്വീകരിക്കും.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുപോലെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരിക്കും ശബരിമല വിഷയത്തിലും കേന്ദ്രം സ്വീകരിക്കുകയെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
അതേസമയം ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിലും പ്രധാന വിഷയമായിരിക്കുമെന്ന് ബിജെപി ഔദ്യോഗികമായി തീരുമാനമെടുത്തിരിക്കുമ്പോഴാണ് സുരേഷ് ഗോപി എംപിയുടെ ഈ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here