‘എറണാകുളം അങ്ങെടുക്കുവോ’ എന്ന് സ്കൂൾ വിദ്യാർത്ഥി; ‘എറണാകുളം മാത്രമല്ല, കേരളം മുഴുവൻ അങ്ങെടുക്കുവാ’ണെന്ന് സുരേഷ് ഗോപി

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ട്രെൻ്റ് ആയ ഡയലോഗാണ് ഈ തൃശൂർ ഞാനിങ്ങെടുക്കുവാ എന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപിയുടെ ഡയലോഗായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞപ്പോൾ തന്നെ ഡയലോഗ് സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അതിലും വലിയ സ്വീകരണമാണ് ഈ ഡയലോഗിനു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ട്രോളുകളിലൂടെ തുടങ്ങി സിനിമകളിലെ തമാശ ഡയലോഗായിട്ടു പോലും ഈ വാചകം ഉപയോഗിച്ചു. ഇപ്പോഴിതാ, ഈ ചോദ്യം ആവർത്തിച്ച ഒരു സ്കൂൾ വിദ്യാർത്ഥിയും രസകരമായ മറുപടി നൽകിയ സുരേഷ് ഗോപിയും വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എറണാകുളം എൻഡിഎ സ്ഥാനാർഥി സി.ജി. രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. പ്രചാരണത്തിനിടെ മുന്നിൽ വന്നു പെട്ടതാണ് വിദ്യാർത്ഥി. ‘എറണാകുളം അങ്ങെടുക്കുവോ?’ എന്നായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യം. സംയമനം കൈവിടാതെ താരത്തിൻ്റെ മറുപടിയെത്തി, ‘എറണാകുളം മാത്രമല്ല, കേരളം മുഴുവൻ അങ്ങെടുക്കുവാ’ എന്ന മറുപടിയിൽ ചിരി വിരിഞ്ഞു.
നേരത്തെ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാര്‍ഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ചില പ്രസ്താവനകൾ വിവാദമായിരുന്നു. ഉത്തരേന്ത്യയിൽ പശുവിൻ്റെ പേരിൽ കൊലപാതകങ്ങൾ നടക്കുന്നില്ലെന്നും പെണ്ണുകേസിലാണ് കൊലപാതകങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here