‘വകതിരിവ് വേണം’, ADGP എം ആർ അജിത്കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ മന്ത്രി കെ രാജൻ

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ റവന്യൂമന്ത്രി കെ രാജൻ. വകതിരിവ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കേണ്ടതല്ലെന്നാണ് മന്ത്രിയുടെ പരിഹാസം. ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് ഓരോരുത്തരുടെയും ശൈലിയും സ്വഭാവവും അനുസരിച്ച് ഇരിക്കും. സർക്കാരിന്റെയും വകുപ്പിന്റെയും മുൻപിലുള്ള കാര്യത്തെക്കുറിച്ച് മന്ത്രി ഒരു അഭിപ്രായം പറയേണ്ടതില്ലെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.
ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. നിയമവിരുദ്ധ യാത്രകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Read Also: ശബരിമലയിൽ ചട്ടംലംഘിച്ച് ട്രാക്ടർ യാത്ര; എഡിജിപി എം.ആർ അജിത്കുമാറിനെ വിമർശിച്ച് ഹൈക്കോടതി
ദർശനത്തിനായി എം ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോയി. ദർശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ഇതിനിടെയാണ് എഡിജിപി ട്രാക്ടറിൽ യാത്ര നടത്തിയത്.
Story Highlights : Minister K Rajan on ADGP MR Ajithkumar’s Sabarimala tractor journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here