ദക്ഷിണാഫ്രിക്ക 189നു പുറത്ത്; ഇന്ത്യക്ക് ഇന്നിംഗ്സ് ജയം, പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഒരു ദിവസവും ഒരു സെഷനും ബാക്കി നിൽക്കെ ഇന്നിംഗ്സിനും 137 റൺസിനുമാണ് ഇന്ത്യ ജയം കുറിച്ചത്. 601 റൺസിൻ്റെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 275 റൺസിനു പുറത്തായി ഫോളോ ഓൺ വഴങ്ങിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അവർ 189 റൺസിന് ഓൾ ഔട്ടായി. 48 റൺസെടുത്ത ഡീൻ എൽഗറാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ഉമേഷ് യാദവും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇരട്ടസെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് കളിയിലെ താരം
ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 275 റൺസിനു പുറത്തായതോടെ മൂന്നാം ദിവസം കളി നിർത്തിയിരുന്നു. നാലാം ദിവസമായ ഇന്ന് ഫോളോ ഓൺ വഴങ്ങിയ അവർ വീണ്ടും ബാറ്റിംഗിറങ്ങി. ഇന്നിംഗ്സിൻ്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ എയ്ഡൻ മാർക്രത്തെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഇഷാന്ത് ശർമ്മ ദക്ഷിണാഫ്രിക്കക്ക് ആദ്യ പ്രഹരം ഏല്പിച്ചു. തിയൂനിസ് ഡിബ്രുയിൻ (8), ഫാഫ് ഡുപ്ലെസിസ് (5) എന്നിവരെ യഥാക്രമം ഉമേഷ് യാദവും ആർ അശ്വിനും പുറത്താക്കി. രണ്ട് പേരും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കു പിടികൊടുത്താണ് മടങ്ങിയത്.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന ഡീൻ എൽഗറായിരുന്നു അടുത്ത ഇര. 48 റൺസെടുത്ത എൽഗറിനെ അശ്വിൻ ഉമേഷിൻ്റെ കൈകളിലെത്തിച്ചു. ക്വിൻ്റൺ ഡികോക്ക് (5) ജഡേജയുടെ പന്തിൽ ക്ലീൻ ബൗൾഡായി പവലിയനിലെത്തി. 38 റൺസെടുത്ത ടെംബ ബാവുമയെ രഹാനെയുടെ കൈകളിലെത്തിച്ച ജഡേജ വീണ്ടും ദക്ഷിണാഫ്രിക്കക്ക് പ്രഹരമേല്പിച്ചു. ഷമിയുടെ പന്തിൽ രോഹിത് പിടിച്ച് സേനുരൻ മുത്തുസാമി പുറത്തായതോടെ ഇന്ത്യൻ ജയം ഏതു നേരവും സംഭവിക്കാമെന്ന നിലയിലായി.
കഴിഞ്ഞ മത്സരത്തിലെ ഹീറോകളാണ് ഇത്തവണയും പ്രോട്ടീസിൻ്റെ രക്ഷക്കെത്തിയത്. 7 വിക്കറ്റിനു 129 റൺസ് എന്ന നിലയിൽ ക്രീസിലൊത്തു ചേർന്ന കേശവ് മഹാരാജും വെർണോൺ ഫിലാണ്ടറും ചേർന്ന് സമർത്ഥമായി ഇന്ത്യൻ ബൗളിംഗിനെ നേരിട്ടു. 56 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത് ഉമേഷ് യാദവായിരുന്നു. 37 റൺസെടുത്ത ഫിലാണ്ടറെ ഉമേഷ് സാഹയുടെ കൈകളിലെത്തിച്ചു. പിന്നീടെല്ലാം പെട്ടെന്ന് കഴിഞ്ഞു. ആ ഓവറിൽ തന്നെ കഗീസോ റബാഡയും പുറത്തായി. റബാഡയെ രോഹിത് കൈപ്പിടിയിലൊതുക്കി. തൊട്ടടുത്ത ഓവറിൽ കേശവ് മഹാരാജിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ഇന്നിംഗ്സിനു തിരശീലയിട്ടു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും ജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഒക്ടോബർ 19നാണ് മൂന്നാമത്തെ ടെസ്റ്റ് മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here