മാമാങ്കം തമിഴിലും മമ്മൂട്ടി തന്നെ സംസാരിക്കും; വൈറലായി ഡബ്ബിംഗ് വീഡിയോ

എം പദ്മകുമാറിൻ്റെ സംവിധാനത്തിൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തമിഴ് പതിപ്പിൽ തൻ്റെ നായക കഥാപാത്രത്തിനു ശബ്ദം നൽകുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാവുകയാണ്.
സംവിധായകൻ റാമിൻ്റെ മേൽനോട്ടത്തിലാണ് മമ്മൂട്ടി ഡബ്ബിംഗ് നടത്തുന്നത്. ചിത്രത്തിൻ്റെ സംവിധായകൻ എം പദ്മകുമാറും ഇവരോടൊപ്പം സ്റ്റുഡിയോയിലുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കേരളത്തിൽ ജീവിച്ചിരുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ. വി.എഫ്. എക്‌സ് എം. കമല കണ്ണൻ. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.
കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മാമാങ്കം.
മമ്മൂട്ടിയെ നായകനാക്കി നിര്‍വ്വഹിച്ച പേരന്‍പ് എന്ന ചിത്രം അണിയിച്ചൊരുക്കിയ സംവിധായകനാണ് റാം. ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here