അയോധ്യ തർക്കഭൂമി കേസ്: അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനഃരാരംഭിക്കും

നവരാത്രി അവധിയെ തുടർന്നുള്ള ഇടവേളക്ക് ശേഷം അയോധ്യ തർക്കഭൂമി കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനഃരാരംഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഈ മാസം പതിനേഴിന് വാദം പൂർത്തിയാക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. സമാന്തരമായി മധ്യസ്ഥ ചർച്ചകളും പുരോഗമിക്കുകയാണ്.

അയോധ്യയിലെ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

നവംബർ പതിനേഴിനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്നത്. അതിനു മുൻപ് കേസിൽ വിധി പറയാനാണ് ഭരണഘടനാ ബെഞ്ചിന്റെ ശ്രമം. ഇതനുസരിച്ച്, ഒക്ടോബർ മൂന്നാം വാരം അന്തിമവാദം പൂർത്തിയായാൽ പോലും വിധി തയാറാക്കാൻ നാലാഴ്ച കൂടിയേ ലഭിക്കുകയുള്ളു. അതിനാൽ ഒരു ദിവസം പോലും കൂടുതൽ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ സുന്നി വഖഫ് ബോർഡാണ് വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്.

കക്ഷികൾ തമ്മിൽ സമാന്തരമായി മധ്യസ്ഥ ചർച്ചകളും തുടർന്നിരുന്നു. സുന്നി വഖഫ് ബോർഡിന്റേയും നിർവാനി അഖാഡയുടെയും അഭ്യർത്ഥനയെ തുടർന്നാണ് മധ്യസ്ഥ ചർച്ചകൾക്ക് കോടതി അനുമതി നൽകിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top