Advertisement

താൻ സംഘടനാ ചുമതല ഒഴിഞ്ഞത് എഎച്ച്പിയിൽ നിന്ന്; ആർഎസ്എസിൽ തുടരുമെന്ന് ഗോപിനാഥൻ കൊടുങ്ങല്ലൂർ

October 14, 2019
Google News 1 minute Read

കൊടുങ്ങല്ലൂരിൽ മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് പാസ്റ്ററെ മർദ്ദിച്ച ഗോപിനാഥൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു എന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലെഴുതിയ കുറിപ്പിലൂടെയാണ് ഗോപിനാഥൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു എന്ന് വെളിപ്പെടുത്തിയത്. എന്നാൽ, ഇപ്പോൾ വിഷയത്തിൽ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഗോപിനാഥൻ.

താൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എഎച്ച്പി എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണെന്നും ആർഎസ്എസിൽ പ്രവർത്തനം തുടരുമെന്നുമാണ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ച പോസ്റ്റിലൂടെ ഗോപിനാഥൻ പറഞ്ഞത്. താൻ ഓർമ്മ വെച്ച നാൾ മുതൽ സംഘപ്രവർത്തകനായിരുന്നുവെന്നും അത് തുടരുമെന്നും ഗോപിനാഥൻ വിശദീകരിച്ചു.

നേരത്തെ, പാസ്റ്ററെ മർദ്ദിച്ച കേസിൽ അറസ്റ്റിലായിട്ടും നേതാക്കൾ തന്നെ തിരിഞ്ഞു നോക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഗോപിനാഥൻ പോസ്റ്റ് ഇട്ടത്. നേതാക്കൾ നമ്മളെ വെച്ച് മുതലെടുക്കുകയാണെന്നും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും കമൻ്റുകളിലൂടെ പലരും പരാതിപ്പെട്ടിരുന്നു.

ഗോപിനാഥൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമസ്കാരം…
എന്റെയനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ സ്വീകരിച്ച നിലപാടിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പലതരത്തിലുള്ള വ്യാഖ്യാനങ്ങളും, മുതലെടുപ്പ് ശ്രമങ്ങളും, തെറ്റായ പ്രചാരണങ്ങളും നടന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ എനിക്കീ വിശദീകരണം തന്നേ മതിയാകൂ….

ആദ്യമായി പറയട്ടെ ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് AHP എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്.
അതിന് RSS എന്ന മഹാപ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല.

മറിച്ചു സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നതും.
ഞാൻ ഓർമ്മവെച്ച നാൾ സംഘപ്രവർത്തകനാണ്. എന്റെയച്ഛൻ ബിജെപി മണ്ഡലം കാര്യകർത്താവായിരുന്നു..
ഏതൊരു മനുഷ്യനും സംഭവിച്ചു പോകാവുന്ന തെറ്റാണ് AHP എന്ന സംഘടനയിൽ പ്രവർത്തിച്ച വഴി എനിക്കുമുണ്ടായത്.
ആ ഒരു തീരുമാനം എടുത്തപ്പോൾ എന്നെ സ്നേഹിക്കുന്ന എന്നോട് ആത്മാർത്ഥതയുള്ള ഒരുപാട് ആളുകൾ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു.. പക്ഷെ ആ സമയത്ത് അതൊന്നും ചെവി കൊണ്ടില്ല
അതിൽ ഞാനിന്ന് ഖേദിക്കുന്നു..
ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോകും, പാസ്റ്ററാകും എന്നൊക്കെ ദിവാസ്വപ്നം കാണുന്നവരോട് പുച്ഛം മാത്രമേയുള്ളൂ…

എന്റെ കുടുംബം സംഘകുടുംബമാണ്.. സംഘപാതയിൽ നിന്നും വ്യതിചലിച്ചൊരു ജീവിതവും എനിക്കുണ്ടാവില്ല..

രാഷ്ട്രീയബജ്രങ് ദൾ നേതാവ് ശ്രീരാജ് കൈമളിന്റെ വിശദീകരണത്തിന് മറുപടി അർഹിക്കുന്നില്ല എങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ലല്ലോ.

എനിക്ക് നേരത്തെയും കേസുകൾ ഉണ്ടായിട്ടുണ്ട്.. അത് കള്ളക്കടത്തിനോ ബ്ലാക്ക് മണി ഇടപാടിനോ പെണ്ണ് പിടിക്കോ അല്ലെന്ന കാര്യം വിനയപൂർവം ഓർമ്മിപ്പിക്കുന്നു. അതൊക്കെ താങ്കൾക്ക് പുതിയ അറിവാണെന്ന് അറിഞ്ഞതിൽ സന്തോഷം.. നാഴികക്ക് നാല്പത് വട്ടം ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നതല്ലാതെ എന്ത് ഹൈന്ദവ ഉദ്ധാരണ പ്രവർത്തനമാണ് താങ്കൾ ഉൾപ്പെടെ നടത്തുന്നതെന്ന് എനിക്കറിയാം.. ദയവായി വിഴുപ്പലക്കാൻ പ്രേരിപ്പിക്കരുത്..

ഞാൻ ദീർഘനാൾ ജയിലിൽ ആയിട്ട്കൂടി AHP യുടെ ഒരു സ്വയംപ്രഖ്യാപിത “ഹിന്ദുസംരക്ഷകരും” ഒന്ന് കാണാൻ പോലും വന്നിട്ടില്ല.. അവിടെത്തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു നിങ്ങളുടെ കാപട്യം..
മാതൃസംഘടനയെ ധിക്കരിച്ചുകൊണ്ട് ഞാൻ AHP യിൽ പ്രവർത്തിച്ചത് എനിക്ക് ശമ്പളമോ മറ്റെന്തെകിലും വാഗ്ദാനമോ ഒന്നും കിട്ടിയിട്ടുമല്ല അങ്ങനെയുള്ളവർ മാത്രമാണ് ഇന്ന് ആ സംഘടനയിൽ ഉള്ളതും.. അവരതിന് നന്ദി കാണിക്കട്ടെ.. ഞാനെന്തായാലും ഇല്ല..

എന്റെ പ്രസ്ഥാനം സംഘം മാത്രമാണ്.. ആരോ എഫ്ബിയിൽ കുറിച്ച പോലെ ഡോക്ടർ ഹെഡ്ഗേവാർ എന്ന വിദഗ്ദനായ എഞ്ചിനീയർ ഡിസൈൻ ചെയ്ത ഉറപ്പുള്ള വീടാണ് സംഘ കുടുംബം.. അതിന്റെ സുരക്ഷിതത്വവും അന്തസ്സും ആത്മാഭിമാനവുമൊന്നും ഫേസ്ബുക്കിൽ കൂലിക്കെഴുത്തുകാരെ കൊണ്ട് ഉണ്ടാക്കാൻ ശ്രമിക്കുന്ന വ്യാജവീടിനുണ്ടാകില്ല എന്ന സത്യം അൽപ്പം വൈകിയാണേലും അനുഭവം കൊണ്ട് മനസിലാക്കുന്നു…..

തെറ്റിദ്ധരിക്കപ്പെട്ട സ്വയംസേവക സഹോദരങ്ങൾക്കും സംഘബന്ധുക്കൾക്കും വേണ്ടിയാണ് എന്റെ ഈ വിശദീകരണ കുറിപ്പ്..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here