മരട് ഫ്‌ളാറ്റ് വിഷയം: നഷ്ടപരിഹാരം നൽകേണ്ടവരുടെ ആദ്യ പട്ടിക സർക്കാറിന് കൈമാറി

മരട് ഫ്‌ളാറ്റിൽ നഷ്ടപരിഹാരം നൽകേണ്ടവരുടെ ആദ്യ പട്ടിക ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ കമ്മിറ്റി സർക്കാറിന് കൈമാറി. നഷ്ട പരിഹാരം ലഭിക്കേണ്ട 14 പേരുടെ പട്ടികയാണ് കമ്മിറ്റി സർക്കാറിന് കൈമാറിയത്. പട്ടികയിൽ 3 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ നൽകാൻ നിർദേശിച്ചിരിക്കുന്നത്. ശേഷിക്കുന്ന 11 പേർക്ക് 13 ലക്ഷം മുതൽ 21 ലക്ഷം വരെ നൽകാനാണ് നിർദേശം. മരടിലെ ഫ്‌ളാറ്റിൽ കെട്ടിടത്തിന്റെ വിലക്ക് ആനുപാതികമായിട്ടാണ് നഷ്ടപരിഹാരം തീരുമാനിച്ചിരിക്കുന്നത്. രണ്ട് കോടി ആവശ്യപ്പെട്ടയാൾക്കും 25 ലക്ഷം മാത്രമേ ലഭിക്കൂ. ആദ്യ പട്ടികയിലെ 14 പേരിൽ എല്ലാവർക്കും 25 ലക്ഷം നൽകില്ല. 13 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് നൽകാനാണ് നിർദേശമുള്ളത്.
അതേ സമയം, മരടിലെ ഫ്‌ളാറ്റ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് നടന്നതിന് കൃത്യമായ തെളിവ് ലഭിച്ചതോടെ നിർമാതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. ജയിൻ ഫ്‌ളാറ്റ് ഉടമ സന്ദീപ് മേത്താ, ഹോളി ഫെയ്ത്തിന്റെ നിർമാതാവ് സാനീ ഫ്രാൻസീസ്, ആൽഫാ സെറയിനിലെ പോൾ രാജ് എന്നിവരോടാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് ലഭിച്ചതോടെ ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം ഫ്‌ളാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്ന് സബ് കളക്ടർ സ്‌നേഹിൽകുമാർ അറിയിച്ചു.
പോൾരാജനോട് നാളെയും സന്ദീപ് മേത്തയോട് വരുന്ന 17 ാംതിയതിയും സാനീ ഫ്രാൻസീസിനോട് 21ാം തിയതിയുമാണ് ഹാജരാവാൻ ക്രൈം ബ്രാഞ്ചിന്റെ നിർദേശം. വ്യാപകമായി കായൽ കൈയേറിയാണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
നിർമ്മാണ സമയത്തെ രേഖകളും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.കൂടാതെ വിവാദ നിർമാണത്തിന് അനുമതി നൽകിയ പഴയ പഞ്ചായത്ത് സെക്രട്ടറിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും ഫ്‌ളാറ്റ് നിർമാതാക്കളെ നാളെ ചോദ്യം ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here