Advertisement

എഫ്എടിഎഫ് ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിഷയത്തിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും

October 14, 2019
Google News 0 minutes Read

പാകിസ്ഥാനെ എഫ്എടിഎഫ് ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിഷയത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഇന്ന് മുതൽ 18വരെ പാരീസിൽ നടക്കുന്ന എഫ്എടിഎഫ് യോഗത്തിൽ, ഇത് സംബന്ധിച്ച പാകിസ്ഥാന്റെ റിപ്പോർട്ട് വിലയിരുത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും.

അതേസമയം, എഫ്എടിഎഫിന്റെ നിർദേശങ്ങൾ പൂർണമായും നടപ്പാക്കാൻ തയ്യാറാണെന്നും ഇതിനായി കൂടുതൽ സമയം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ വിവിധ അംഗരാജ്യങ്ങളെ സമീപിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ പതറി നിൽക്കുന്ന പാകിസ്ഥാന് അന്താരാഷ്ട്ര വായ്പകൾ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീൻ ചിറ്റ് അത്യാവശ്യമാണ്. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പ്ലീനറി സമ്മേളനം ഇന്ന് പാരീസിൽ ആരംഭിക്കുമ്പോൾ അതുകൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ.

ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തുമോ എന്നതാണ് പാകിസ്ഥാൻ നേരിടുന്ന വെല്ലുവിളി. ഭീകരർക്ക് ധനസഹായം നൽകുന്നതിന് എഫ്എടിഎഫ് 2018 ജൂണിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ഭീകരർക്ക് സാമ്പത്തിക സഹായം തടയാൻ 27ന് ആക്ഷൻ പ്ലാൻ നിർദേശിച്ചു. എഫ്എടിഎഫ് യോഗം ടാസ്‌ക് ഫോഴ്‌സിന്റെ ആക്ഷൻ പ്ലാൻ നടപ്പാക്കിയത് സംബന്ധിച്ച് പാകിസ്ഥാൻ തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിക്കും.

പാക് മന്ത്രി ഹമദ് അസ്ഹറിന്റെ സാന്നിധ്യത്തിലാണ് വിലയിരുത്തൽ. നിർദേശങ്ങൾ നടപ്പാക്കിയില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ ആഗസ്റ്റിൽ ബാങ്കോക്കിൽ നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യ പസഫിക് ജോയിന്റ് ഗ്രൂപ്പിന്റെ യോഗം, ആക്ഷൻ പ്ലാനിലെ 27 നിർദേശങ്ങളിൽ ആറ് എണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ടാസ്‌ക് ഫോഴ്‌സിന്റെ 40 സാങ്കേതിക മാനദണ്ഡങ്ങളിൽ 30എണ്ണവും പാകിസ്ഥാൻ നടപ്പാക്കിയിട്ടില്ലെന്നും ഒന്നുമാത്രമാണ് പൂർണമായി നടപ്പാക്കിയതെന്നും ആണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ പാകിസ്ഥാനെ ഇനിയും ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്തണോ കരിമ്പട്ടികയിൽ പെടുത്തണോ എന്ന് പ്ലീനറി സമ്മേളനം തീരുമാനിക്കും. ഭീകരരുടെ സാമ്പത്തിക സ്രോതസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത പക്ഷം പാകിസ്ഥാന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് എഫ്എടിഎഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതിനിടെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ടാസ്‌ക് ഫോഴ്സിലെ എല്ലാ അംഗരാഷ്ട്രങ്ങളെയും സമീപിച്ചിട്ടുണ്ട്. പാകിസ്ഥാൻ. ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും കരിമ്പട്ടികയിൽ ഉൾപെടുത്തിയാൽ രാജ്യം സാമ്പത്തിക തകർച്ചയിലാവുമെന്നും വ്യാപാര ഇടപാടുകൾ സ്തംഭിക്കുമെന്നും ഐഎംഎഫിന്റെ വായ്പകൾ തിരിച്ചടക്കാൻ കഴിയില്ലെന്നുമാണ് പാകിസ്ഥാൻ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here