Advertisement

കൂടത്തായി സിനിമയാക്കിയാൽ സാംസ്കാരിക അപചയം; നിപ കച്ചവടം ചെയ്താൽ അത് സാംസ്കാരിക പ്രവർത്തനം: കപട ബുദ്ധിജീവികളെ അഴിച്ചു വിടാതിരിക്കൂ എന്ന് ഹരീഷ് പേരടി

October 15, 2019
Google News 1 minute Read

ബുദ്ധിജീവികളിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് നടൻ ഹരീഷ് പേരടി. ചലച്ചിത്ര മേളകളിലെ സിനിമാ തിരഞ്ഞെടുപ്പുകളിൽ ബുദ്ധിജീവികൾക്ക് ഇടം ലഭിക്കുന്നതെങ്ങനെയാണ് അദ്ദേഹത്തിൻ്റെ ചോദ്യം. പുലിമുരുകനും മധുരരാജയും ഉണ്ടാക്കാൻ പാടാണെന്നും അത് പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോൺ കപടതയല്ലെന്നും ഹരീഷ് നിരീക്ഷിക്കുന്നു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തു വന്നത്.

കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്കാരിക അപചയം. നിപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്കാരിക പ്രവർത്തനവും ചലച്ചിത്രമേളകളിൽ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നതെന്നും ഹരീഷ് ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

SFI, Dyfi,Cpm എന്നി സംഘടനകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നു… എന്തിന് മേൽശാന്തിയെ നിയമിക്കാൻ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു… അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം … അല്ലെങ്കിൽ ഇതുപോലെയുള്ള ചലച്ചിത്ര മേളകൾ നമ്മൾ സഹിക്കേണ്ടി വരും… ലാറ്റിനമേരിക്കൻ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിൻ തോപ്പുകളിലേക്കും കായൽ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജൻസികളായ പ്രവർത്തിക്കുന്ന കള്ളൻമാർക്ക് എങ്ങിനെയാണ് ഇത്തരം മേളകളിൽ ഇടം കിട്ടുന്നത് .. കച്ചവട സിനിമകളിൽ അഭിനയിക്കുന്ന ഒരാൾ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാൻ നല്ലപാടാണ്… അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരൻ കാണുന്ന തിയ്യറ്റർ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിൻമേൽ കളിയാണ്… അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോൺ കപടതയല്ലാ…

കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്കാരിക അപചയം… നിപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്കാരിക പ്രവർത്തനവും ചലച്ചിത്രമേളകളിൽ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത് … നികുതി കൊടുക്കുന്ന ഞങ്ങൾ സാധാരണക്കാർ പറയുന്നു … കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക… സിനിമയെ സ്നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവർക്ക് അവസരം നൽകുക … സിനിമയുണ്ടാക്കാൻ മാത്രമല്ല അത്‌ തിരഞ്ഞെടുക്കാനും…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here